തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ തന്നെ സംഘടിപ്പിക്കും. മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ മേഖല ചലനാത്മകമാവുകയാണ്. ലോകത്തിലെ മികച്ച തുറമുഖങ്ങളോട് കിടപിടിക്കുന്ന നിലയില്‍ വിഴിഞ്ഞത്തെ മാറ്റിയെടുക്കാന്‍ വലിയ നിക്ഷേപം അവിടെനടത്തേണ്ടതുണ്ട്. സര്‍ക്കാരും സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യമേഖല മാത്രമായും
വികസനം സാധ്യമാക്കണം. ഇതിനുവേണ്ട നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ടൌണ്‍ഷിപ്പുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായ കേന്ദ്രങ്ങള്‍, സംഭരണ ശാലകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.
വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് കൂടി അര്‍ഹരപ്പെട്ടതാണ്. വിഴിഞ്ഞം മേഖലയില്‍ അതിദരിദ്രരെന്ന് കണ്ടെത്തിയ കുടുംബങ്ങളെ പ്രത്യേക പരിഗണന നല്‍കി ദാരിദ്രയമുക്തരാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പ്രദേശവാസികളുടെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകള്‍ 5 വര്‍ഷം കൊണ്ട് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന തരത്തില്‍ ഒരു പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കും. മത്സ്യ മേഖലയില്‍ ഉയര്‍ന്നുവരുന്ന ആധുനിക തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഇതിനായി കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിക്കുകയും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും ചെയ്യും.

