ഡെറിവേറ്റീവുകളിലെ ട്രേഡിംഗ് ഒഴിവാക്കണമെന്ന് റീട്ടെയില്‍ നിക്ഷേപകരെ ഉപദേശിച്ച് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) സിഇഒയും എംഡിയുമായ ആശിഷ് ചൗഹാന്‍. ഏതെങ്കിലും തരത്തിലുള്ള സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡില്‍ ഏര്‍പ്പെടുമ്പോള്‍ വൈദഗ്ധ്യത്തിന്റെ ആവശ്യകത ചൗഹാന്‍ ഊന്നിപ്പറഞ്ഞു. കമ്പനികള്‍, വ്യവസായങ്ങള്‍, സമ്പദ്വ്യവസ്ഥകള്‍, ആഗോള ഘടകങ്ങള്‍ എന്നിവയുടെ സമഗ്രമായ ഗവേഷണത്തെ അടിസ്ഥാനമാക്കി ഓഹരികള്‍ വാങ്ങുമ്പോള്‍ ദീര്‍ഘകാല വീക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം നിക്ഷേപകരോട് പറയുന്നു.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ജനതയുടെ വര്‍ദ്ധിച്ച പങ്കാളിത്തം അംഗീകരിക്കുമ്പോള്‍ തന്നെ ഡെറിവേറ്റീവുകള്‍ പോലുള്ള അപകടസാധ്യതയുള്ള സാമ്പത്തിക ഉപകരണങ്ങളിലേക്ക് കടക്കരുതെന്നാണ് എന്‍എസ്ഇയുടെ സ്ഥാപക അംഗമായ ചൗഹാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇടയ്ക്കിടെ അവലോകനം ചെയ്യുകയും ആവശ്യമെങ്കില്‍ ക്രമീകരണം നടത്തുകയും ചെയ്യുകയും നിക്ഷേപകര്‍ 3-5 വര്‍ഷത്തേക്ക് അവരുടെ പൊസിഷന്‍ നിലനിര്‍ത്തുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഒരു കമ്പനിയെക്കുറിച്ചോ വ്യവസായത്തെക്കുറിച്ചോ സമ്പദ്വ്യവസ്ഥയെക്കുറിച്ചോ പഠിച്ചതിന് ശേഷം നിങ്ങള്‍ ഒരു ഓഹരി വാങ്ങുകയാണെങ്കില്‍, 3-5 വര്‍ഷം അവിടെ നിക്ഷേപം തുടരുക. തീര്‍ച്ചയായും, നിങ്ങള്‍ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. അത് ഗുണകരമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വിറ്റ് പുറത്തുവരണമെന്നും ചൗഹാന്‍ നിക്ഷേപകരോട് പറഞ്ഞു.
നിക്ഷേപവും ട്രേഡിംഗും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വൈദഗ്ധ്യമില്ലാത്തവര്‍ക്ക് ഷോര്‍ട്ട് ടേം ട്രേഡിംഗിനെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒറ്റ ദിവസത്തിനുള്ളില്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇന്‍ട്രാ ഡേ ട്രേഡിംഗ് ഊഹക്കച്ചവടവും പ്രാഥമികമായി പരിചയസമ്പന്നരായ ട്രേഡര്‍മാര്‍ക്ക് മാത്രം അനുയോജ്യവുമാണ്. അതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ക്ക് അടിവരയിട്ട എന്‍എസ്ഇ ചെയര്‍മാന്‍ ചില്ലറ നിക്ഷേപകരോട് അത്തരം രീതികള്‍ ഒഴിവാക്കാന്‍ ഉപദേശിക്കുകയും ചെയ്തു.

