ചട്ടലംഘനത്തെത്തുടര്‍ന്ന് ആര്‍ബിഐ നടപടി നേരിടുന്ന പേടിഎമ്മിനുവേണ്ടി എച്ച്ഡിഎഫ്സി ബാങ്കും ജിയോയും രംഗത്തെന്നു റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ അക്കൗണ്ട് ഇടപാടുകള്‍ ആര്‍ബിഐ വിലക്കിയതോടെ പ്രതിസന്ധി നേരിട്ട പേടിഎമിനെ ഏറ്റെടുക്കാന്‍ വിപണിയില്‍ പലവമ്പന്മാരും ഉണ്ട്. എച്ച്ഡിഎഫ്സി ബാങ്കും മുകേഷ് അംബാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമാണ് കൂട്ടത്തില്‍ മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മയുടെ സംഘം കഴിഞ്ഞ നവംബര്‍ മുതല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.വാര്‍ത്ത പുറത്ത് വന്നതോടെ ജിയോയുടെ ഓഹരി മൂല്യം ഉയര്‍ന്നിരുന്നു. അതേസമയം, എച്ച്ഡിഎഫ്സി ബാങ്കുമായി ചര്‍ച്ച ആരംഭിച്ചത് വിലക്ക് വരുന്നതിന് തൊട്ടുമുമ്പാണെന്നും മറുവാദം ഉണ്ട്. ആര്‍ബിഐയുടെ വിലക്കിനുശേഷം മൂന്നു ദിവസംകൊണ്ട് പേടിഎമ്മിന്റെ ഓഹരി വിലയില്‍ 42 ശതമാനമാണ് ഇടിവ് നേരിട്ടത്.
എന്നാല്‍ നിലവിലെ അവസ്ഥയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പേടിഎം പേയ്മെന്റ് ബാങ്കിലെ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിഇഒ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. വിലക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 29നാണ് ആര്‍ബിഐയുടെ വിലക്ക് പ്രാബല്യത്തില്‍ വരിക. അതിനുശേഷവും പേടിഎം ആപ്പ് പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ട.വിലക്ക് തുടര്‍ന്നാലും പേടിഎം ആപ്പുവഴി യുപിഐ ഇടപാടുകള്‍ സാധ്യമാകും.

