അകാലത്തില്‍ പശുക്കളെ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള നിര്‍ദ്ദേശത്തിന്റെ കരട് രേഖ അവസാന ഘട്ടത്തിലാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. വിഷപ്പുല്ല് തിന്ന് ആറ് കറവപ്പശുക്കള്‍ ചത്ത അവനൂര്‍ പഞ്ചായത്തിലെ വെളപ്പായ കെ സി രവിയ്ക്ക് കേരള ഫീഡ്‌സ് വാങ്ങി നല്‍കുന്ന രണ്ട് കറവപ്പശുക്കളെ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാത്ത ക്ഷീരകര്‍ഷകന് കൂടി ധനസഹായം ലഭിക്കുന്ന വിധത്തിലാണ് കരട് നിയമം തയ്യാറാകുന്നതെന്ന് മന്ത്രി പറഞ്ഞു. എങ്കിലും പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരള ഫീഡ്‌സിന്റെ സ്ഥിരം ഉപഭോക്താവു കൂടിയായ കെ സി രവിയുടെ പശുക്കള്‍ വിഷപ്പുല്ല് തിന്ന് ചത്തതിനെത്തുടര്‍ന്നാണ് ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരം രണ്ട് കറവപ്പശുക്കളെ വാങ്ങി നല്‍കാന്‍ കേരള ഫീഡ്‌സ് തീരുമാനിച്ചത്. മണ്ണുത്തിയിലെ സംസ്ഥാന വെറ്റിനറി അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നിന്നുമാണ് രണ്ടു പശുക്കളെ വാങ്ങി കര്‍ഷകന് കൈമാറിയത്.
നിലവിലെ 29 വെറ്റിനറി ആംബുലന്‍സ് കൂടാതെ 68 എണ്ണം കൂടി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തിലും വെറ്റിനറി ആംബുലന്‍സ് സൗകര്യം ലഭ്യമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും അടിയന്തര സാഹചര്യത്തില്‍ കാലിത്തീറ്റയും നല്‍കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ സബ്‌സിഡിയിനത്തില്‍ മാത്രം 22 കോടി രൂപ വകയിരുത്തിയ കാര്യവും മന്ത്രി പറഞ്ഞു. കൈമാറിയ പശുക്കള്‍ക്കുള്ള അനിമല്‍ പാസ്‌പോര്‍ട്ടും മന്ത്രി നല്‍കി.
കര്‍ഷകനെ സഹായിക്കാന്‍ കേരള ഫീഡ്‌സ് കാണിച്ച അവസരോചിത പ്രവര്‍ത്തി അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന എം എല്‍ എ സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്കായുള്ള വിവിധ പദ്ധതികളെക്കുറിച്ച് കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ വിശദീകരിച്ചു. കെഎഫ്എല്‍ ഡെപ്യൂട്ടി മാനേജര്‍ ഫ്രാന്‍സിസ് പി പി നന്ദി അറിയിച്ചു.കര്‍ഷകന് നല്‍കിയ രണ്ട് പശുക്കളും 15 മുതല്‍ 25 ലിറ്റര്‍ വരെ പാലു തരുന്നവയാണെന്ന് കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ഡയറക്ടര്‍ ശ്യാം മോഹന്‍ കെ എം പറഞ്ഞു.

