ജനകീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പുതിയ രൂപഭാവങ്ങളോടെ അവതരിക്കുന്നു. കടക്കെണിയിലായിരുന്ന ദേശീയ വിമാനക്കമ്പനിയെ ടാറ്റ ഏറ്റെടുത്ത ശേഷമാണ് മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയത്. ലോഗോയിലും നിറത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ.
പുതിയ മാറ്റങ്ങളോടെയുള്ള എ-350 വിമാനത്തിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരുന്നു. ഈ വിമാനങ്ങള്‍ ഉടന്‍തന്നെ സര്‍വീസ് ആരംഭിക്കും. കടുംചുവപ്പ്, വൈലറ്റ്, സ്വര്‍ണ നിറങ്ങള്‍ ചേര്‍ന്നതാണ് പുതിയ ലോഗോ. പാരമ്പര്യത്തനിമയിലൂന്നിയാണ് റീ ബ്രാന്‍ഡിങ്ങെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.
പണ്ട് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന എയര്‍ ഇന്ത്യ ദേശസാല്‍ക്കരിച്ചതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലായത്. എന്നാല്‍ കടംകയറി കമ്പനി ദുരിതക്കയത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്നായിരുന്നു ടാറ്റയുടെ നാടകീയ ഏറ്റെടുക്കല്‍.

