വ്യത്യസ്തമായ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പിന്തുണയ്ക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വ്യത്യസ്ത സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതോ സെലിബ്രിറ്റികളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നു.
ഇലോണ്‍ മസ്‌കിനെ ഇന്ത്യന്‍ വരനായി അവതരിപ്പിക്കുന്നത് മുതല്‍ ജനകീയ ഷോയായ ഫ്രണ്ട്സിലെ കഥാപാത്രങ്ങള്‍ ഇന്ത്യയിലാണെങ്കില്‍ എങ്ങനെയായിരിക്കും എന്നതുവരെ എഐ സഹായത്തോടെ അടുത്തിടെ അവതരിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്റര്‍നെറ്റിലാകെ ഒറിജിനലിനെ വെല്ലുന്ന ഇത്തരം വൈവിധ്യമാര്‍ന്ന രസകരമായ ചിത്രങ്ങള്‍ ഇപ്പോള്‍ കണ്ടെത്താനാകും.
ഇപ്പോള്‍ അവിശ്വസനീയമായ ഒരു കൂട്ടം ചിത്രങ്ങളുമായി ലൈഫ്സ്‌റ്റൈല്‍, ഫാഷന്‍ ബ്രാന്‍ഡായ മിന്ത്ര ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ബോളിവുഡ് താരം രേഖയെ ബാര്‍ബി ഡോളായി പുനര്‍നിര്‍മ്മിക്കുകയാണ് മിന്ത്ര ചെയ്തിരിക്കുന്നത്. പിങ്ക് വസ്ത്രങ്ങളിഞ്ഞ എഐ ബാര്‍ബി രേഖയെ കണ്ടപ്പോള്‍ തന്നെ പ്രണയത്തിലായിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം.
കഴിഞ്ഞ ദിവസം മിന്ത്ര ഷെയര്‍ ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 3000 ഓളെ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്യപ്പെടുന്നു. എഐ സൃഷ്ടിച്ച ബാര്‍ബി രേഖയുടെ പെര്‍ഫെക്ഷന്‍ ആളുകളെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ആദിപുരുഷ് എന്ന ചിത്രത്തിലെ സെയ്ഫ് അലി ഖാന്റെ ലങ്കേശ് എന്ന കഥാപാത്രത്തിന്റെ പുനര്‍രൂപകല്‍പ്പന കാണിക്കുന്ന എഐ ചിത്രങ്ങളുടെ പരമ്പരയും വൈറലായിരുന്നു.
അപാര സാധ്യതകള്‍ പക്ഷേ….
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപാര സാധ്യതകളാണ് അടുത്തിടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും ഒറിജിനലിനെ വെല്ലും. പലതരത്തില്‍ ക്രിയാതമകവും ഗുണപരവുമാണെങ്കിലും ഈ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടാവുന്നതിന്റെ അപകടസാധ്യതകളെ കുറിച്ചും ലോകത്ത് ചര്‍ച്ച സജീവമാണ്. അടുത്തിടെ വിഖ്യാതമായ ഗോഡ്ഫാദര്‍ സിനിമയിലെ ഒരു രംഗത്തില്‍ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും മുഖം നല്‍കി ഇറങ്ങിയ വീഡിയോ മലയാളികളെയും ഞെട്ടിച്ചിരുന്നു. ഇലോണ്‍ മസ്‌കടക്കം സാങ്കേതിക സംരംഭകര്‍ പോലും എഐയെ ഭയക്കുന്നതിന് കാരണങ്ങളേറെയാണ്.

