ലഘുഭക്ഷണം അഥവാ സ്നാക്ക്സിന്റെ കാര്യത്തില്‍ ഇന്ത്യക്കാരുടെ വീക്ക്നസ് ലോകമെങ്ങും പ്രശസ്തമാണ്. ഇന്ത്യയെപ്പോലെ ലഘുഭക്ഷണ വൈവിധ്യമുള്ള ലോകരാജ്യങ്ങളും വേറെയില്ല. ഭൂമിശാസ്ത്രം മാറുന്നതിനനുസരിച്ച് മാറുന്ന സ്നാക്കുകള്‍, രുചിഭേദങ്ങള്‍. ഈ വൈവിധ്യത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഒരു ബ്രാന്‍ഡെന്ന നിലയില്‍ വളര്‍ന്ന കമ്പനിയാണ് ഹല്‍ദിറാം.
പാക്കറ്റിലാക്കാവുന്ന ഇന്ത്യയിലെ ഒട്ടുമിക്ക സ്നാക്കുകളും പാക്കറ്റിലാക്കി ഗംഭീരമായി ബ്രാന്‍ഡ് ചെയ്ത് ഇന്ത്യയിലും വിദേശത്തുമെത്തിച്ച് വളര്‍ന്ന കമ്പനി. 1937 ല്‍ സ്ഥാപിതമായ കമ്പനി ചടുലമായ വളര്‍ച്ചയാണ് കൈവരിച്ചത്. ഹല്‍ദിറാമിന്റെ വരുമാനം ഇപ്പോള്‍ 1.5 ബില്യണ്‍ ഡോളറിനടുത്താണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹല്‍ദിറാമിന്റെ 51% ഓഹരികള്‍ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നെന്ന വാര്‍ത്തയാണ് കമ്പനിയെ അടുത്തിടെ ശ്രദ്ധേയമാക്കിയത്. ഹല്‍ദിറാമിന്റെ മൂല്യം 83,126 കോടി രൂപയാണ്. ഹല്‍ദിറാമിന്റെ നിയന്ത്രണം നേടുന്നതിന്, ടാറ്റ ഗ്രൂപ്പിന് 42,394 കോടി രൂപ നല്‍കേണ്ടിവരും. ഇത്തരമൊരു കരാര്‍ യാഥാര്‍ഥ്യമായാല്‍ പെപ്‌സിക്കോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയുമായി സ്നാക്ക്സ് വിഭാഗത്തില്‍ ടാറ്റ ഗ്രൂപ്പിന് നേരിട്ട് മത്സരിക്കാനാവും.
ഏതായാലും ടാറ്റയും ഹല്‍ദിറാമും ഇത്തരമൊരു ഇടപാടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. 51 ശതമാനത്തിലധികം ഓഹരികള്‍ വാങ്ങാന്‍ ടാറ്റയ്ക്ക് തീര്‍ച്ചയായും താല്‍പ്പര്യമുണ്ട്. പക്ഷേ ഹല്‍ദിറാമിന്റെ ഉയര്‍ന്ന വിലയാണ് പ്രശ്നമെന്ന് കരുതപ്പെടുന്നു. ഏറ്റെടുപ്പ് വാര്‍ത്തകള്‍ വന്നതോടെ മുകളിലേക്ക് കയറിയ ടാറ്റ കണ്‍സ്യൂമര്‍ ഓഹരികള്‍ വാര്‍ത്ത നിഷേധിക്കപ്പെട്ടതോടെ 2.27% ഇടിഞ്ഞു.
6.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഇന്ത്യയുടെ ലഘുഭക്ഷണ വിപണി. ഹല്‍ദിറാമിന് ഏകദേശം 13% ഓഹരിയാണ് ഈ വിപണിയിലുള്ളത്. ലേയ്സ് ബ്രാന്‍ഡിലൂടെ പെപ്‌സിക്കും ഏകദേശം 13% വിഹിതമുണ്ട്. സിംഗപ്പൂര്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ വിദേശ വിപണികളില്‍ ഹല്‍ദിറാമിന് തരക്കേടില്ലാത്ത സാന്നിധ്യമുണ്ട്.
ലോകമെമ്പാടുമായി 150 ലധികം റെസ്റ്റോറന്റുകളും ഹല്‍ദിറാമിനുണ്ട്.തേയില, ഉപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, മിനറല്‍ വാട്ടര്‍ തുടങ്ങി നിരവധി സെഗ്മെന്റുകളില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ഇതിനകം ലഭ്യമാണ്. ഹല്‍ദിറാം കൈകളിലെത്തുന്നത് ടാറ്റ ഗ്രൂപ്പിന്റെ ഉല്‍പ്പന്നങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് ഗണ്യമായി സഹായിക്കും.

