പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റുകളിലൂടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ലക്ഷദ്വീപില്‍ വമ്പന്‍ ടൂറിസം പദ്ധതികളുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച്സിഎല്‍) ലക്ഷദ്വീപിലെ സുഹേലി, കദ്മത്ത് ദ്വീപുകളില്‍ രണ്ട് താജ് ബ്രാന്‍ഡഡ് റിസോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. 2026 ല്‍ ഈ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി പറഞ്ഞു.
താജ് സുഹേലിയില്‍ 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളും ഉള്‍പ്പെടെ 110 മുറികളാണുണ്ടാവുക. താജ് കദ്മത്തില്‍ 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളും അടക്കം 110 മുറികളുണ്ടാവും.
”അറബിക്കടലിനു നടുവില്‍ അതിമനോഹരമായ ബീച്ചുകളും പവിഴപ്പുറ്റുകളും ഉള്ള ലക്ഷദ്വീപില്‍ കാര്യമായ സാധ്യതകള്‍ ഞങ്ങള്‍ കാണുന്നു,” ഐഎച്ച്‌സിഎല്‍ എംഡിയും സിഇഒയുമായ പുനീത് ഛത്വാള്‍ പറഞ്ഞു. ലോകോത്തരങ്ങളായ രണ്ട് താജ് റിസോര്‍ട്ടുകള്‍ അന്താരാഷ്ട്ര യാത്രികരെയും ആഭ്യന്തര വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സ്‌കൂബ ഡൈവിംഗ്, വിന്‍ഡ്‌സര്‍ഫിംഗ്, സ്നോര്‍ക്കെല്ലിംഗ്, സര്‍ഫിംഗ്, വാട്ടര്‍ സ്‌കീയിംഗ്, യാച്ചിംഗ് എന്നിവയുള്‍പ്പെടെയുള്ള ജല കായിക വിനോദങ്ങളുടെ സങ്കേതമായി ഇവിടം മാറുമെന്നും കമ്പനി പറയുന്നു.
താജ് സുഹേലിയില്‍ 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളും ഉള്‍പ്പെടെ 110 മുറികളാണുണ്ടാവുക. താജ് കദ്മത്തില്‍ 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളും അടക്കം 110 മുറികളുണ്ടാവും
ലക്ഷദ്വീപിന്റെ അതിമനോഹരമായ സൗന്ദര്യം ഉയര്‍ത്തിക്കാട്ടുന്ന നിരവധി ഫോട്ടോഗ്രാഫുകളും വീഡിയോകളും പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിട്ടതോടെയാണ് ദ്വീപുകള്‍ ശ്രദ്ധാകേന്ദ്രമായത്. ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് എടുത്തു പറഞ്ഞ പ്രധാനമന്ത്രി അഗത്തി ഉള്‍പ്പെടെ മുഴുവന്‍ ലക്ഷദ്വീപിന്റെയും വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ പ്രധാനമന്ത്രിയെയും ഇന്ത്യയെയും അവഹേളിച്ച് മൂന്ന് മാലദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിമാര്‍ക്ക് സ്ഥാനം പോയെങ്കിലും ചൈനീസ് അനുകൂല പ്രസിഡന്റായ മുഹമ്മദ് മുയ്സു അധികാരത്തിലേറിയതോടെ വഷളായ ഇന്ത്യ-മാലദ്വീപ് ബന്ധം ഇതോടെ കൂടുതല്‍ പിന്നോട്ടടിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ ടൂറിസം വളരുന്നത് വിനോദസഞ്ചാര മേഖലയെ മുഖ്യ വരുമാനമാക്കിയ മാലദ്വീപിന് തിരിച്ചടിയായേക്കും. ഇതാണ് ദ്വീപ് രാഷ്ട്രത്തെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെ ലക്ഷദ്വീപിലെ ടൂറിസം മേഖല വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്ന് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു. വിമാനത്താവളവും ഹോട്ടലുകളുമടക്കം അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ കമ്പനികള്‍ക്കും വലിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്.

