ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല പുനെയില്‍ ഓഫീസും വാടകയ്ക്കെടുത്ത് ഇന്ത്യന്‍ വിപണി പ്രവേശനത്തിന് ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തലപ്പത്ത് നിര്‍ണായകമായ ഒരു മാറ്റം സംഭവിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ സിഎഫ്ഒയായി ഒരു ഇന്ത്യന്‍ വംശജന്‍ എത്തിയിരിക്കുന്നു. വൈഭവ് തനേജ. ആരാണ് വൈഭവ് തനേജ? എന്താണ് സാക്കറി കിര്‍ഖോണിന്റെ സ്ഥാനത്തേക്ക് പൊടുന്നനെ തനേജയെ നിയമിച്ചതിന്റെ സാംഗത്യം?
ടെസ്ലയില്‍ പുതുമുഖമല്ല തനേജ. 2017 ല്‍ സോളാര്‍സിറ്റി എന്ന സോളാര്‍ കമ്പനിയെ മസ്‌ക് വാങ്ങിയപ്പോള്‍ ഒപ്പം കൂടിയതാണ് തനേജ. 2019 മുതല്‍ ടെസ്ലയുടെ ടോപ് എക്കൗണ്ടന്റാണ് ഈ ഇന്ത്യന്‍ വംശജന്‍. ടെസ്ലയുടെ ഇന്ത്യന്‍ ഘടകത്തിലും നിര്‍ണായക സ്ഥാനം 45 കാരനായ തനേജയ്ക്കുണ്ട്. 2021 ലാണ് ടെസ്ല ഇന്ത്യയുടെ ഡയറക്ടറായി തനേജ നിയമിതനായത്.
ടെസ്ലയില്‍ എത്തും മുന്‍പ് തനേജ ആരായിരുന്നു? ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ഗ്രാജുവേഷന്‍ നേടിയ ശേഷം 17 വര്‍ഷം പ്രൈസ്വാട്ടര്‍ഹൗസ്‌കൂപ്പേഴ്സില്‍ ഉദ്യോഗം. ടെക്നോളജി, റീട്ടെയ്ല്‍, കമ്യൂണിക്കേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിച്ചു. മികച്ച അനുഭവപരിചയം സ്വന്തം.
എന്തിനായിരിക്കും തനേജയെ മസ്‌ക് കമ്പനിയുടെ സാമ്പത്തിക വിഭാഗത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത്? വിലകൂടിയ കാറുകള്‍ വില്‍ക്കുകയെന്ന സ്ട്രാറ്റജി ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ് കമ്പനി. കൂടുതല്‍ കാറുകള്‍ വില്‍ക്കുകയെന്നതാണ് പുതിയ ദൗത്യം. കാര്‍ വില ഗണ്യമായി കുറച്ചു വരികയാണ് കമ്പനി. ഇന്ത്യയില്‍ 20 ലക്ഷം രൂപയുടെ ഇവി അവതരിപ്പിക്കാനാണ് ഉദ്ദേശ്യമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്പനിയുടെ നിലവിലെ എന്‍ട്രി മോഡലിനെക്കാള്‍ 25% വിലക്കുറവാണ് ഈ ഇന്ത്യന്‍ വേരിയന്റിന്. ഓരോ കാറുകളില്‍ നിന്നുമുള്ള വരുമാനം കുറയും എന്നതാണ് ഇതിലെ അപകടം. കമ്പനിയുടെ സാമ്പത്തിക വിഭാഗത്തെ ഈ ഘട്ടത്തില്‍ തളരാതെ കരുത്തോടെ മുന്നോട്ടു നയിക്കുക എന്നതാണ് തനേജയില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം.
തനേജയുടെ നേതൃത്വത്തില്‍ ടെസ്ലയുടെ അടുത്ത നീക്കങ്ങള്‍ക്കായി കണ്ണുനട്ടിരിക്കുകയാണ് ടെക്-ഓട്ടോ-ബിസിനസ് ലോകം. ഇവി വിപണിയില്‍ ടെസ്ലയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ തനേജയ്ക്കാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മസ്‌കിന്റെ ഇന്ത്യന്‍ പദ്ധതികളിലും തനേജയ്ക്ക് നിര്‍ണായക ഭാഗധേയം വഹിക്കാനുണ്ടാകും.

