കമ്പനി പാപ്പരാകാന്‍ സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് യുഎസ് ആസ്ഥാനമായ ഓഫീസ് ഷെയറിംഗ് കമ്പനിയായ വീവര്‍ക്ക്. അടുത്ത 12 മാസം പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ മൂലധനം സമാഹരിക്കേണ്ടതുണ്ടെന്ന് കമ്പനി അറിയിച്ചു. ഒരു സമയത്ത് 47 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയാണിത്.
കമ്പനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഓഹരി വില 38.5% ഇടിഞ്ഞു. ഓഹരി മൂല്യം ഏകദേശം പൂജ്യത്തിന് അടുത്തെത്തി. സമീപകാലത്ത് ഏറ്റവും ഊതിപ്പെരുപ്പിച്ചു കാട്ടപ്പെട്ട സ്റ്റാര്‍ട്ടപ്പുകളിലൊന്നായിരുന്നു വീവര്‍ക്ക്. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള കമ്പനി 2019 ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ശ്രമം ആരംഭിച്ചത് മുതല്‍ പ്രശ്നങ്ങളിലായിരുന്നു.
ഒടുവില്‍ ഏറെ മൂല്യച്യുതിയോടെയാണ് 2021 ല്‍ ഓഹരി വിപണി പ്രവേശനം സാധ്യമായത്. പിന്നീട് ഒരിക്കലും ലാഭത്തിലായതുമില്ല. ദീര്‍ഘകാലത്തേക്ക് സ്പേസുകള്‍ വാടകയ്ക്കെടുത്ത ശേഷം ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് മറിച്ചു നല്‍കുകയാണ് വീവര്‍ക്ക് ചെയ്തിരുന്നത്. വളരെവേഗം വളര്‍ന്നെങ്കിലും കോവിഡ് മഹാമാരി കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.

