ഇന്ത്യയും സൗദി അറേബ്യയും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ആശയവിനിമനയം തുടങ്ങിവെച്ചത്.
ഇന്ത്യ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. സൗദി, ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയും. 2022-23 ല്‍ സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരം 52.76 ബില്യണ്‍ ഡോളറാണ്. കയറ്റുമതി 10.73 ബില്യണ്‍ ഡോളറും ഇറക്കുമതി 42.04 ബില്യണ്‍ ഡോളറുമാണ്.
കഴിഞ്ഞ വര്‍ഷം മുതല്‍, ഇന്ത്യ ആഗോളതലത്തില്‍ രൂപയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്. സമീപ മാസങ്ങളില്‍, പ്രാദേശിക കറന്‍സികളിലെ വ്യാപാരം തീര്‍പ്പാക്കുന്നതിനായി ഇന്ത്യ ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ഒരു പ്രാദേശിക കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ജൂലൈ പകുതിയോടെ യുഎഇയുമായി ഒപ്പുവച്ചു. പ്രാദേശിക കറന്‍സികളില്‍ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ ഇന്തോനേഷ്യയുമായുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, സെനഗല്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ പ്രാദേശിക കറന്‍സികളില്‍ ഉഭയകക്ഷി വ്യാപാരം തീര്‍പ്പാക്കുന്നതിന് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

