അബുദാബി: പൊതു സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് അബുദാബി സിവില്‍ ഡിഫന്‍സും ലുലു ഗ്രൂപ്പും ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു.
പ്രതിരോധ, പൊതു സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അപകടസാധ്യതകള്‍ക്കും തീപിടുത്തങ്ങള്‍ക്കും എതിരായ പ്രതിരോധ നടപടികളും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ ബോധവല്‍ക്കരണ സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കും.
അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ (എഡിസിഡിഎ) ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സലീം അബ്ദുല്ല ബിന്‍ ബരാക് അല്‍ ദാഹേരിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുമാണ് അബുദാബി ഖലീഫ സിറ്റിയിലെ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ധാരണ പത്രത്തില്‍ ഒപ്പ് വെച്ചത്.
സ്വകാര്യ മേഖലയുമായുള്ള സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും കമ്മ്യൂണിറ്റി അവബോധ പരിപാടികള്‍ സജീവമാക്കുകയും ചെയ്യുന്ന ഈ സഹകരണത്തെ അബുദാബി സിവില്‍ ഡിഫന്‍സ് ഏറെ വിലമതിക്കുന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ സലീം അബ്ദുല്ല ബിന്‍ ബരാക് അല്‍ ദാഹേരി പറഞ്ഞു. അബുദാബി ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന വിധത്തില്‍ കമ്മ്യൂണിറ്റി അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും അപകടസാധ്യതകളും തീപിടുത്തങ്ങളും ഇല്ലാതാക്കുന്നതിനുമുള്ള നിരന്തര ശ്രമത്തില്‍ വിവിധ പൊതു, സ്വകാര്യ മേഖലകളുമായി ശക്തമായ പങ്കാളിത്തമാണുള്ളതെന്ന് ബ്രിഗേഡിയര്‍ അല്‍ ദാഹേരി പറഞ്ഞു.
അബുദാബി സര്‍ക്കാരിന്റെ ഈ സംരംഭത്തില്‍ പ്രധാന പങ്കാളിയാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലി എം.എ പറഞ്ഞു. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തിലുള്ള ഈ ബോധവല്‍ക്കരണ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി ലുലു അതിന്റെ എല്ലാ വിഭവങ്ങളും വിപണന വൈദഗ്ധ്യവും ഉപയോഗിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ സാലിം ഹാഷിം അല്‍ ഹബാഷി, ലുലു അബുദാബി ഡയറക്ടര്‍ അബൂബക്കര്‍, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ എന്നിവരും സംബന്ധിച്ചു

