വിപണിയിലെ തകര്‍ച്ച മൂലം ശതകോടീശ്വരന്മാരുടെ ആസ്തിയിലും കുറവ് സംഭവിക്കുന്നു. ആഭ്യന്തര-ആഗോള കാരണങ്ങള്‍ മൂലം ഓഹരി സൂചികകള്‍ കനത്ത ഇടിവ് നേരിടുകയാണ്. ഉയര്‍ന്ന മൂല്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, സമ്പദ്വ്യവസ്ഥയിലെ തളര്‍ച്ച, ദുര്‍ബലമായ വരുമാന വളര്‍ച്ച, ട്രംപിന്റെ താരിഫ് നയത്തെ തുടര്‍ന്നുള്ള ആഗോള വ്യാപര പിരിമുറക്കം എന്നിവയോടൊപ്പം വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിയുന്നതും ആഭ്യന്തര വിപണിക്ക് തിരിച്ചടിയായി.
ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസിന്റെ ഉടമയായ രവി ജയ്പുരിയയ്ക്കാണ് കനത്ത നഷ്ടം. അദ്ദേഹത്തിന്റെ ആസ്തിയില്‍ 26 ശതമാനത്തോളം ഇടിവുണ്ടായി. 17.6 ബില്യണ്‍ ഡോളറില്‍നിന്ന് 13.1 ബില്യണ്‍ ഡോളറായി കുറഞ്ഞതായി ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരുണ്‍ ബീവറേജസിന്റെ ഓഹരി തകര്‍ച്ചയാണ് പ്രധാന കാരണം.
2025 തുടക്കം മുതല്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ കമ്പനിയുടെ മൂല്യത്തില്‍ 25 ശതമാനത്തോളം ഇടിവുണ്ടായി.രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രോപ്പര്‍ട്ടി ഡെവലപ്പറായി ഡിഎല്‍എഫിന്റെ കെപി സിങിന്റെ ആസ്തി 25 ശതമാനം ഇടിഞ്ഞ് 13.6 ബില്യണ്‍ ഡോളറായി. മാക്രോടെക് ഡവലപ്പേഴ്സിന്റെ സ്ഥാപകനായ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 21 ശതമാനം കുറഞ്ഞ് 9.8 ബില്യണ്‍ ഡോളറിലെത്തി.
ആസ്തിയില്‍ ഇടിവുണ്ടായ ശതകോടീശ്വരന്മാരില്‍ നാലാമതാണ് ഗൗതം അദാനി. അദാനിയുടെ ആസ്തി 20 ശതമാനം ഇടിഞ്ഞ് 63.4 ബില്യണായി. ശിവ് നാടാരുടെ സമ്പത്തില്‍ 20 ശതമാനവും ഇടിവ് നേരിട്ടു. അദ്ദേഹത്തിന്റെ ആസ്തിയാകട്ടെ 35.6 ബില്യണ്‍ ഡോളറുമായി.
അതിനിടെ, സണ്‍ ഫാര്‍മയുടെ സ്ഥാപകനായ ദിലീപ് സാഘ്വിയുടെ സമ്പത്തില്‍ 18.43 ശതമാനം നഷ്ടമായി. അദ്ദേഹത്തിന്റെ ആസ്തി 23.90 ബില്യണായാണ് കുറഞ്ഞത്. ഡി മാര്‍ട്ടിന്റെ രാധാകിഷന്‍ ദമാനിയുടെ സമ്പത്താകട്ടെ 16.30 ശതമാനം ഇടിഞ്ഞ് 15.40 ബില്യണ്‍ ഡോളറായി.

