11 വയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറ്റം. 15ാം വയസില്‍ സ്വന്തം ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. കൗമാരക്കാരിയായ സംരംഭകയുടെ സ്ഥാപനത്തില്‍ 10 പേര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 100 കോടി രൂപ. സംരംഭകത്വത്തിന്റെ കാര്യത്തില്‍ പ്രായം കേവലം ഒരു സംഖ്യയാണെന്ന് തെളിയിച്ച പതിനാറുകാരിയായ പ്രഞ്ജലി അവസ്തിയുടെ ജീവിതകഥയാണിത്.
പ്രഞ്ജലിയുടെ സംരംഭമായ ഡെല്‍വ്.എഐ (Delv.AI), ഡാറ്റ എക്‌സ്ട്രാക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2022 ജനുവരിയില്‍ സ്ഥാപനം ആരംഭിച്ചു. 450,000 ഡോളര്‍ അഥവാ 3.7 കോടി രൂപ സ്ഥാപനം അടുത്തിടെ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചു.
ഏഴാം വയസില്‍ കോഡിംഗ്
കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരായ മാതാപിതാക്കള്‍ പ്രഞ്ജലിയെ ഏഴ് വയസ്സ് മുതല്‍ തന്നെ കോഡിംഗ് പഠിപ്പിക്കാനാരംഭിച്ചിരുന്നു. യുഎസിലെ ഫ്ളോറിഡയിലേക്കാണ് കുടുംബം കുടിയേറിയത്. മെഷീന്‍ ലേണിംഗില്‍ ഗവേഷണം നടത്തുന്ന ഫ്ളോറിഡ ഇന്റേണല്‍ യൂണിവേഴ്സിറ്റി ലാബില്‍ ഇന്റേണായി ചേര്‍ന്നു. അതിന് മുമ്പ് രണ്ട് വര്‍ഷം ഗണിതവും കമ്പ്യൂട്ടര്‍ സയന്‍സും പഠിച്ചു. ഓപ്പണ്‍ എഐ അതിന്റെ ചാറ്റ്ജിപിടി-3 ബീറ്റ പതിപ്പ് പുറത്തിറക്കിയത് പ്രഞ്ജലിക്ക് ഏറെ ഗുണകരമായി. റിസര്‍ച്ച് ഡാറ്റ എക്‌സ്ട്രാക്റ്റ് ചെയ്യുന്നതിനും സംഗ്രഹിക്കുന്നതിനും ചാറ്റ്ജിപിടി അവള്‍ ഉപയോഗിച്ചു.
വഴിത്തിരിവായ കാലം
2021-ല്‍ ഒരു ആക്സിലറേറ്റര്‍ പ്രോഗ്രാമില്‍ ജോയിന്‍ ചെയ്തത് വഴിത്തിരിവായി. സോഫ്‌റ്റ്വെയര്‍ സൗജന്യമായി പങ്കിടാന്‍ ആളുകളെ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രോഡക്ട് ഹണ്ടില്‍ പ്രഞ്ജലി ഡെല്‍വ്.എഐയുടെ ബീറ്റാ പതിപ്പ് പുറത്തിറക്കി. ഓണ്‍ലൈനില്‍ ആളുകള്‍ക്ക് ശരിയായ വിവരങ്ങള്‍ തെരഞ്ഞു കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഗവേഷകരെ അവര്‍ തിരയുന്ന വിവരങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ ഡെല്‍വ്.എഐ സഹായിക്കുന്നു.
ആക്സിലറേറ്റര്‍ പ്രോഗ്രാമില്‍ ചെലവഴിച്ച സമയം തന്റെ ആദ്യ നിക്ഷേപം ഇറക്കാനും നെറ്റ്വര്‍ക്ക് നിര്‍മ്മിക്കാനും സഹായിച്ചതായി അവര്‍ പറഞ്ഞു. ആദ്യത്തെ നിക്ഷേപത്തിലൂടെ ആദ്യത്തെ എഞ്ചിനീയറെ നിയമിച്ചു. പിന്നീട് കമ്പനി 10 ജീവനക്കാരിലേക്ക് വളര്‍ന്നു.
കളിച്ചു നടക്കാനും കുട്ടിക്കാലം ആസ്വദിക്കാനുമുള്ള പ്രായത്തില്‍ മകള്‍ സംരംഭകയായതില്‍ മാതാപിതാക്കള്‍ക്ക് ചെറിയ ആശങ്കയൊക്കെയുണ്ട്. എന്നാല്‍ ജീവിതം താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് കുട്ടി സംരംഭകയുടെ പക്ഷം. സ്്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയ്ക്ക് തല്‍ക്കാലം കോളേജ് പഠനം ഉപേക്ഷിച്ചിരിക്കുകയാണ് പ്രഞ്ജലി. ഉല്‍പ്പന്നം മെച്ചപ്പെടുത്തുന്നതിലും ഫണ്ട് സ്വരൂപിക്കുന്നതിലുമാണ് ഇപ്പോള്‍ അവളുടെ ശ്രദ്ധ.

