സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് പതറുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കന്‍ കോടതിയില്‍ നിന്ന് താക്കീത്.അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന 53.3 കോടി ഡോളര്‍ (4,440 കോടി രൂപ) ഒരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിച്ച് നിറുത്താന്‍ യു.എസ് ബാങ്ക്റപ്റ്റ്സ് കോടതി ജഡ്ജി ജോണ്‍ ഡോര്‍സി ഉത്തരവിട്ടു. ഇതോടെ ബൈജൂസിന്റെ അനന്തര നടപടികള്‍ ആപത്തിലായിരിക്കുകയാണ്.
അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റലാണ് ബൈജൂസിന്റെ ഈ പണം കൈകാര്യം ചെയ്തിരുന്നത്. ഈ പണം നിലവില്‍ എവിടെയെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരത് ചെയ്തില്ല. ഇതോടെ കോടി തുടര്‍ നടപടികള്‍ക്ക് ആവശ്യപ്പെടുകയായിരുന്നു. ബൈജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രനാണ് ഹെഡ്ജ് ഫണ്ട് വഴി തുക വിദേശത്തേക്ക് മാറ്റിയതെന്നാണ് സൂചനകള്‍. അമേരിക്കന്‍ വായ്പാദാതാക്കള്‍ക്ക് 120 കോടി ഡോളറിന്റെ കടം (ഏകദേശം 10,000 കോടി രൂപ) ബൈജൂസ് വീട്ടാനുണ്ട്.
53.3 കോടി ഡോളര്‍ ‘ഒളിപ്പിക്കാന്‍’ സഹായിച്ച ഫണ്ട് മാനേജര്‍ വില്യം സി. മോര്‍ട്ടന്‍ ഒളിവിലാണ്. അന്വേഷണം മുറുകിയപ്പോള്‍ അസുഖമാണെന്നും വിദേശത്ത് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മോര്‍ട്ടന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ മോര്‍ട്ടന്‍ തന്നെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറോ അഡ്രസോ നല്‍കിയില്ല. അതോടെ മോര്‍ട്ടനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ് ഇടുകയായിരുന്നു.

