Connect with us

Hi, what are you looking for?

News

ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ വിമാനത്താവളം: സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍

എയര്‍ സ്ട്രിപ്പിനാവശ്യമായ സ്ഥലം എത്രയും വേഗം കണ്ടെത്താന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്

ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ മന്ത്രിസഭാ തീരുമാനം. ഗതാഗത, എഞ്ചിനീയറിംഗ് കമ്പനിയായ റൈറ്റ്സും കിഫ്ബിയുടെ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കിഫ്കോണും ചേര്‍ന്ന സംയുക്ത സംരംഭത്തിനാണ് ചുമതല. എയര്‍ സ്ട്രിപ്പിനാവശ്യമായ സ്ഥലം എത്രയും വേഗം കണ്ടെത്താന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ പെരിയ, വയനാട്ടിലെ കല്‍പ്പറ്റ, ഇടുക്കിയിലെ ഒരു സ്ഥലം എന്നിവിടങ്ങളിലാണ് എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇടുക്കിയില്‍ പുതിയ എയര്‍ സ്ട്രിപ്പ് ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ നിലവില്‍ ഒരു എയര്‍ സ്ട്രിപ്പുണ്ട്. എന്‍.സി.സി സ്ഥാപിച്ച ഈ എയര്‍ സ്ട്രിപ്പ് എയര്‍ വിംഗ് കേഡറ്റുകളുടെ പരിശീലനത്തിനായാണ് ഉപയോഗിക്കുന്നത്.

വയനാട്ടില്‍ വിമാനമിറങ്ങാനുള്ള 1,800 മീറ്റര്‍ സ്ഥലം കണ്ടെത്തുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 2023ല്‍ കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സ്ഥലം കണ്ടെത്തിയെങ്കിലും ഭൂപ്രകൃതി വെല്ലുവിളിയായതോടെ ഉപേക്ഷിച്ചു. കാര്‍ഷിക -വനഭൂമിയും ഇതിനായി ഉപയോഗിക്കേണ്ടെന്നാണ് ധാരണ. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളുടെ സാമീപ്യമാണ് സ്ഥലം കണ്ടെത്താനുള്ള മറ്റൊരു പ്രധാന പ്രശ്‌നം.

പ്രാദേശിക യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രപദ്ധതിയായ ഉഡാന്‍ (UDAN) പ്രയോജനപ്പെടുത്താനായാല്‍ ടിക്കറ്റ് ചാര്‍ജും ഗണ്യമായി കുറയും. എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി നേരത്തെ 20 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇക്കഴിഞ്ഞ ബജറ്റില്‍ 1.5 കോടി രൂപ കൂടി വകയിരുത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയാല്‍ സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. പദ്ധതികള്‍ യാഥാര്‍ഥ്യമാകുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തില്‍ വലിയൊരു കുതിപ്പിന് ഇത് കാരണമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like