സ്റ്റീല്‍, സിമന്റ് വ്യവസായത്തിലെ വന്‍കിട കമ്പനികള്‍ വില കുത്തനെ ഉയര്‍ത്താനുള്ള കാര്‍ട്ടലൈസേഷനില്‍ ഏര്‍പ്പെടുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. അവസരം കിട്ടുമ്പോഴെല്ലാം സ്റ്റീല്‍ കമ്പനികളും സിമന്റ് കമ്പനികളും കാര്‍ട്ടല്‍ ഉണ്ടാക്കുകയും നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തതിനാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ അഥവാ ഡിപിആര്‍ തയ്യാറാക്കുന്നതില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം സര്‍ക്കാര്‍ മുന്‍ഗണന നല്‍കി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. ‘ക്രിസില്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ക്ലേവ് 2023’ നെ അഭിസംബോധന ചെയ്യുകയായിരുന്നു ഗഡ്കരി.
‘ഡിപിആറുകള്‍ തയ്യാറാക്കുന്നത് എന്‍എച്ച്എഐയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്‌നമാണ്. ഒരു പ്രോജക്റ്റിലും എല്ലാം തികഞ്ഞ ഡിപിആര്‍ ഇല്ല,’ ഗഡ്കരി പറഞ്ഞു.
ഡിപിആര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ പുതിയ സാങ്കേതികവിദ്യ, പുതിയ കണ്ടുപിടുത്തങ്ങള്‍, പുതിയ ഗവേഷണങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ഗഡ്കരി കുറ്റപ്പെടുത്തി. ഡിപിആറുകളുടെ നിലവാരം പോലും വളരെ താഴ്ന്നതാണെന്നും അദ്ദേഹം പറഞ്ഞു.

