ഗുജറാത്തില്‍ സെമികണ്ടക്റ്റര്‍ ചിപ്പ് ഹബ്ബ് സ്ഥാപിക്കാനുള്ള പദ്ധതി സജീവമായി മുന്നോട്ടുകൊണ്ടുപോകുകയാണ് വേദാന്ത. ജാപ്പനീസ് ടെക്‌നോളജി കമ്പനികളുമായുള്ള സഹകരണം പരിഗണിച്ചു വരികയാണെന്ന് വേദാന്ത ഗ്രൂപ്പ് വ്യക്തമാക്കി. ഗുജറാത്തിലെ ഇലക്ട്രോണിക്സ് നിര്‍മ്മാണ ഹബ്ബില്‍ വന്ന് നിക്ഷേപിക്കാന്‍ തയ്യാറുള്ള കമ്പനികള്‍ക്ക് 80 ബില്യണ്‍ ഡോളറിന്റെ അവസരമാണിതെന്ന് ജപ്പാനില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് റോഡ്ഷോയ്ക്കിടെ വേദാന്തയുടെ സെമികണ്ടക്റ്റര്‍, ഡിസ്പ്ലേ ബിസിനസ് ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ ആകര്‍ഷ് കെ ഹെബ്ബാര്‍ പറഞ്ഞു.
ഗുജറാത്തിലെ ധോലേരയിലാണ് അര്‍ദ്ധചാലക ചിപ്പുകളുടെ നിര്‍മാണത്തിനായി വമ്പന്‍ ഫാക്ടറി സ്ഥാപിക്കാന്‍ വേദാന്ത ആലോചിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഇലക്ട്രോണിക്സ് നിര്‍മ്മാണ ഹബ്ബുമായിരിക്കും ഇത്. നൂറുകണക്കിന് എസ്എംഇകളെ ആകര്‍ഷിക്കാനും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഹബ്ബിന് കഴിയുമെന്നും ഹെബ്ബാര്‍ ചൂണ്ടിക്കാട്ടി.
വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ അവാന്‍സ്ട്രേറ്റ് ജപ്പാനിലാണ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം, ഇന്ത്യയുടെ സെമികണ്ടക്റ്റര്‍ ചിപ്പുകളുടെയും ഗ്ലാസ് ഡിസ്പ്ലേയുടെയും നിര്‍മ്മാണ മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 30 ജാപ്പനീസ് ടെക്നോളജി കമ്പനികളുമായി കമ്പനി കരാറില്‍ ഒപ്പുവച്ചിരുന്നു.
സെമികണ്ടക്റ്റര്‍ ഉല്‍പ്പാദന മേഖലയുടെ സംയുക്ത വികസനത്തിനും ആഗോള വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയുമായി കരാറില്‍ ഒപ്പുവെക്കുന്ന രണ്ടാമത്തെ ക്വാഡ് പങ്കാളി കൂടിയാണ് ജപ്പാന്‍. നേരത്തെ യുഎസുമായും ഇത്തരമൊരു കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു. നൂറോളം അര്‍ദ്ധചാലക നിര്‍മ്മാണ പ്ലാന്റുകളുള്ള ജപ്പാന്‍ അര്‍ദ്ധചാലക നിര്‍മാണ മേഖല ശക്തമായ മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ്.
നേരത്തെ, വേദാന്ത തായ്വാന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ഭീമനായ ഫോക്‌സ്‌കോണുമായി ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 19.5 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതിയിലെ കാലതാമസം ചൂണ്ടിക്കാട്ടി ഫോക്സ്‌കോണ്‍ പിന്‍മാറിയതോടെയാണ് വേദാന്ത പുതിയ പങ്കാളികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചത്.

