ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇനിയും രൂക്ഷമാകുമെന്ന ആശങ്കയുടെ ചിറകിലേറി സ്വര്‍ണവില പറക്കുന്നു. സ്വര്‍ണ്ണവില ബുധനാഴ്ച ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ചുവടുമാറിയതാണ് സ്വര്‍ണ്ണവിലയെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിച്ചിരിക്കുന്നത്.
സ്‌പോട്ട് ഗോള്‍ഡ് 0.7 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,935.63 ഡോളറിലെത്തി. സെപ്റ്റംബര്‍ 20 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. യുഎസ് ഗോള്‍ഡ് അവധിവില 0.7 ശതമാനം ഉയര്‍ന്ന് 1,948.40 ഡോളറിലെത്തി. ഗാസ സംഘര്‍ഷം ആരംഭിച്ചശേഷം സ്വര്‍ണവില 100 ഡോളറിലേറെ ഉയര്‍ന്നിട്ടുണ്ട്.
മറ്റ് ലോഹങ്ങളുടെ വിലയിലും സമാനമായ വര്‍ദ്ധനവ് ദൃശ്യമാണ്. വെള്ളിയുടെ വില 0.9 ശതമാനം ഉയര്‍ന്ന് 23.02 ഡോളറിലെത്തി. പ്ലാറ്റിനം വില 0.3% വര്‍ധിച്ച് 900.15 ഡോളറിലേക്കും പല്ലേഡിയത്തിന്റെ വില 0.2 ശതമാനം വര്‍ധിച്ച് 1141.04 ഡോളറിലേക്കും എത്തി.
കേരളത്തിലും സ്വര്‍ണ്ണവിലയില്‍ വര്‍ധന ദൃശ്യമാണ്. ബുധനാഴ്ച സ്വര്‍ണ്ണവില ഗ്രാമിന് 5,545 രൂപയും പവന് 44,360 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 5,495 രൂപയും പവന് 43,960 രൂപയുമായിരുന്നു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

