നേരത്തെ ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന മൈക്രോബ്‌ളോഗിംഗ് പ്‌ളാറ്റ്‌ഫോമായ എക്‌സ് ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ ഇനി ഓരോ മാസവും പണമടയ്ക്കേണ്ടി വരും. എക്സ് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഓരോ മാസവും ചെറിയ തുക ഫീ ആയി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായാണ് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്ക് പറഞ്ഞത്. ബോട്ടുകളുടെ സ്വാധീനം കുറയ്ക്കുക ഉദ്ദേശ്യത്തോടെയാണ് ഇതെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു.
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളാണ് ബോട്ടുകള്‍. ഉപഭോക്താക്കള്‍ക്ക് ദോഷകരമായി ബാധിക്കുന്ന മെസ്സേജുകളെ ആര്‍ട്ടിഫിഷ്യലായി ആംപ്‌ളിഫൈ ചെയ്യുകയാണ് ബോട്ട്‌സ് ചെയ്യുന്നത്. ഇവ ട്വിറ്ററില്‍ വളരെ സജീവവുമാണ്. ബോട്ടുകളുടെ ഉപദ്രവം ചെറുക്കാനായുള്ള ഒരേ ഒരു മാര്‍ഗ്ഗമാണ് ഉപഭോക്താവിന്റെ കൈയില്‍ നിന്ന് മാസത്തില്‍ പണം ഈടാക്കുക എന്നാണ് മസ്‌ക്കിന്റെ വാദം. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് മസ്‌ക്ക് ഇക്കാര്യം പറഞ്ഞത്.
ട്വിറ്ററിന്റെ വരുമാനത്തിലെ വന്‍ഇടിവിനെക്കുറിച്ച് മസ്‌ക്ക് ആവര്‍ത്തിച്ച് പറയുന്നുണ്ട്. തങ്ങളുടെ പരസ്യവരുമാനത്തില്‍ പകുതിയോളം കുറവ് വന്നതായി കമ്പനി ജൂലൈയില്‍ പറഞ്ഞിരുന്നു. മസ്‌ക്ക് ചുമതലയേറ്റ ശേഷമാണ് ട്വിറ്റര്‍ ബ്ലൂ ഫീച്ചറിന് പ്രതിമാസം 8 ഡോളര്‍ ചുമത്താന്‍ കമ്പനി തീരുമാനിച്ചത്. പുതിയ പരിഷ്‌കരണം ട്വിറ്ററില്‍ നിന്ന് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

