ഇന്ത്യക്കാരെ കൂടുതല്‍ മധുരം കഴിപ്പിച്ച് കൂടുതല്‍ ലാഭം കൊയ്ത് നെസ്ലെ ഇന്ത്യ. മൂന്നാം പാദത്തില്‍ ആഗോള എഫ്എംസിജി ഭീമന് ഇന്ത്യയില്‍ നിന്നും നേടിയത് 908 കോടി രൂപയുടെ അറ്റാദായം. 37.28 ശതമാനമാണ് ലാഭത്തിലെ വര്‍ധനം. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ അറ്റവില്‍പ്പനയില്‍ 9.43 ശതമാനം വര്‍ധനയുണ്ടായി, 5009.52 കോടി രൂപയാണ് അറ്റവില്‍പ്പന.
പോയ വര്‍ഷം ഇതേ പാദത്തില്‍ 661 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആഭ്യന്തര വില്പന വളര്‍ച്ച 10.3 ശതമാനവും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം വില്പനയുടെ 22.6 ശതമാനവുമായി എന്ന് കമ്പനി പറഞ്ഞു. പ്രതിഓഹരിക്ക് 140 രൂപയെന്ന നിലയില്‍ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
നവംബര്‍ 16 മുതല്‍ ഡിവിഡന്റ് ലഭിച്ച് തുടങ്ങും. കിറ്റ്കാറ്റും മില്‍ക്കിബാറും മഞ്ചും മുതല്‍ മാഗി നൂഡില്‍സും മാഗി കോക്കനട്ട് പൗഡറും നെസ്ലെ നാന്ഗ്രോ വരെ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഉല്‍പ്പന്നങ്ങളാണ് നെസ്ലെ പുറത്തിറക്കുന്നത്.

