അഹമ്മദാബാദ്: യുഎസിലെ പെന്റഗണിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായി മാറിയിരിക്കുന്നു. 6.7 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം 3,000 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയായത്. കെട്ടിടം രൂപകല്‍പന ചെയ്തത് വാസ്തുവിദ്യാ സ്ഥാപനമായ മോര്‍ഫോജെനിസിസിന്റെ സ്ഥാപക പങ്കാളിയായ മനിത് റസ്‌തോഗിയാണ്.
സൂറത്ത് ഡയമണ്ട് ബോഴ്‌സില്‍ 24 അടി വീതിയുള്ള ഇടനാഴിയാല്‍ ബന്ധിപ്പിച്ചിരിക്കുന്ന ഒമ്പത് കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നു. കെട്ടിടങ്ങള്‍ക്ക് 16 നില ഉയരമാണുള്ളത്. 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകളുടെ സമുച്ചയം 35.54 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. 67,000 ആളുകളെ ഇവിടെ ഉള്‍ക്കൊള്ളാനാകും. ഓരോ ഓഫീസിനും 300 മുതല്‍ 75,000 ചതുരശ്ര അടി വരെയാണ് വലിപ്പം. ബോഴ്‌സിന്റെ ബേസ്‌മെന്റില്‍ 2 ദശലക്ഷം ചതുരശ്ര അടി പാര്‍ക്കിംഗ് ഏരിയയും ഉണ്ട്.
എല്ലാ എന്‍ട്രികളിലും എക്സിറ്റുകളിലും അതീവ സുരക്ഷയുള്ള ക്യാമ്പസ് സെക്യൂരിറ്റി ചെക്ക് പോയിന്റുകള്‍, സിസിടിവി നിരീക്ഷണം, കണ്‍ട്രോള്‍ റൂമുകള്‍, പബ്ലിക് അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍, എന്‍ട്രി ഗേറ്റുകളില്‍ അണ്ടര്‍ കാര്‍ സ്‌കാനറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
സൂറത്ത് ഡയമണ്ട് ബോഴ്സിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ (ഐജിബിസി) പ്ലാറ്റിനം റാങ്കിംഗ് ഉണ്ട്. 200 അടി വീതിയിലും 300 അടി നീളത്തിലും പരന്നുകിടക്കുന്ന, വായു, ജലം, അഗ്നി, ഭൂമി, ആകാശം എന്നിങ്ങനെ ‘പഞ്ചഭൂത’ ആശയത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലാന്‍ഡ്‌സ്‌കേപ്പ് കോര്‍ട്ടുകളിലേക്കാണ് എല്ലാ ഓഫീസുകളുടെയും ദൃഷ്ടി.
സൂറത്ത് ഡയമണ്ട് ബോഴ്‌സില്‍ 24 അടി വീതിയുള്ള ഇടനാഴിയാല്‍ ബന്ധിപ്പിച്ചിരിക്കുന്ന ഒമ്പത് കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നു. കെട്ടിടങ്ങള്‍ക്ക് 16 നില ഉയരമാണുള്ളത്
സേഫ് ഡെപ്പോസിറ്റ് നിലവറകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, മള്‍ട്ടി പര്‍പ്പസ് ഹാളുകള്‍, റെസ്റ്റോറന്റുകള്‍, ബാങ്കുകള്‍, കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ്, കണ്‍വെന്‍ഷന്‍ സെന്റര്‍, എക്‌സിബിഷന്‍ സെന്ററുകള്‍, പരിശീലന കേന്ദ്രങ്ങള്‍, വിനോദ മേഖലകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട് സൂറത്ത് ഡയമണ്ട് ബോഴ്‌സില്‍. സമുച്ചയത്തില്‍ ഒരു വിനോദ മേഖലയും ഉണ്ട്, അത് മീറ്റിംഗ് സ്ഥലമായി ഉപയോഗിക്കാം.
കോവിഡുമായി ബന്ധപ്പെട്ട് ഭാഗികമായി തടസ്സപ്പെട്ട നാല് വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം, സൂറത്ത് ഡയമണ്ട് ബോഴ്‌സ് 2023 നവംബര്‍ 21 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

