7 വര്‍ഷത്തിനിടയില്‍ കുട്ടിയാത്രക്കാരില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ സമ്പാദിച്ചത് 2,800 കോടി രൂപ. ഇതില്‍ 2022-23 ഏറ്റവും ലാഭകരമായ വര്‍ഷമാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സിആര്‍ഐഎസ്) നല്‍കിയ മറുപടിയില്‍ പറയുന്നു. മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റം ലാഭം നേടാന്‍ സഹായകമായി എന്നാണ് സിആര്‍ഐഎസ് സൂചിപ്പിക്കുന്നത്.
2016 മാര്‍ച്ച് 31 നാണ്, 5 വയസിനും 12 വയസിനുമിടയിലുള്ള കുട്ടികള്‍ക്ക് റിസര്‍വ്ഡ് കോച്ചുകളില്‍ പ്രത്യേക സീറ്റോ ബെര്‍ത്തോ തെരഞ്ഞെടുക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്കുളള അതേ നിരക്ക് ഈടാക്കുമെന്ന് റെയ്ല്‍വേ പ്രഖ്യാപിച്ചത്. 2016 ഏപ്രില്‍ 21 മുതല്‍ ഇത് പ്രാബല്യത്തിലായി. അതിന് മുമ്പ്, ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ യാത്രാ നിരക്കിന്റെ പകുതി തുക മാത്രമേ ടിക്കറ്റ് നിരക്കായി വന്നിരുന്നുള്ളൂ.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ, 3.6 കോടിയോളം കുട്ടികള്‍ പ്രത്യേക സീറ്റ് തെരഞ്ഞെടുക്കാതെ മുതര്‍ന്നവരുടെ കൂടെ തന്നെ യാത്ര ചെയ്തവരാണ്. ഇതിന് ഇപ്പോഴും പാതി നിരക്കാണ് ഈടാക്കുന്നത്. എന്നാല്‍ 10 കോടിയോളം കുട്ടികള്‍, മുതിര്‍ന്നവരുടെ അതേ തുക അടച്ച് തങ്ങള്‍ക്കായി പ്രത്യേക സീറ്റും ബെര്‍ത്തും തെരഞ്ഞെടുത്തവരാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 560 കോടി രൂപയാണ് കുട്ടിയാത്രികരില്‍ നിന്ന് റെയ്ല്‍വേ നേടിയത്.

