ബൈജൂസ് ഇന്ത്യയില്‍ നിന്നും ഉന്നത സ്ഥാനത്തുള്ളവരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സിഇഒ മൃണാല്‍ മോഹിത് പടിയിറങ്ങി. അപ്ഗ്രേഡ് ഇന്ത്യ മുന്‍ സിഇഒ ആയ അര്‍ജുന്‍ മോഹനാണ് കമ്പനിയുടെ പുതിയ സിഇഒ ആയി ചുമതലയേല്‍ക്കാന്‍ പോകുന്നത്. 4 വര്‍ഷത്തോളം ജീവനക്കാരനായും ചീഫ് ബിസിനസ്സ് ഓഫീസറായും ഇതിന് മുമ്പ് ബൈജൂസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് അര്‍ജുന്‍. ആഗോള എഡ് ടെക്ക് ലാന്‍ഡ്സ്‌കെയ്പ്പില്‍ കമ്പനിക്ക് ചുവടുറപ്പിക്കാന്‍ മോഹന്റെ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്ന് കമ്പനിയുടെ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
അടുത്തിടെ, ചീഫ് ബിസിനസ്സ് ഓഫീസര്‍ പ്രത്യുഷാ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റര്‍ ബിസിനസ്സ് ഹെഡ് ഹിമാന്‍ഷു ബജാജ്, വൈറ്റ്ഹാറ്റ് ജൂനിയര്‍ സിഇഒ അനന്യ തൃപാഥി തുടങ്ങിയവര്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോയിരുന്നു. ബൈജൂസിന്റെ പ്രൈസ്ഡ് അസ്സെറ്റായ ആകാശ് എജുക്കേഷണല്‍ സര്‍വീസസിന്റെ സിഇഒയും സിഎഫ്ഒയും പിരിഞ്ഞുപോയിരുന്നു.
2021 ല്‍ എടുത്ത ലോണ്‍ തിരിച്ചു നല്‍കേണ്ട പ്രതിസന്ധി ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ യൂണിറ്റുകളായ ഗ്രേറ്റ് ലേണിംഗും എപിക്കും ഓക്ഷന് വില്‍പനക്കായി നല്‍കുന്നത്. ഈ സമയത്താണ് കമ്പനി മാറ്റങ്ങളിലൂടെ കടന്നുപോകുന്നത്.
ജൂണ്‍ പകുതിയിലാണ് കമ്പനിയിലെ ഓഡിറ്റര്‍ ഡിലോയ്ട്ട് ഒഴിഞ്ഞതും 3 ബോര്‍ഡ് മെമ്പര്‍മാര്‍ രാജി വെക്കുകയും ചെയ്തത്.

