ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ കണക്കിലെടുത്ത്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് ഡി അംബാനിക്ക് വോയ്‌സ് & ഡാറ്റയുടെ വിഖ്യാതമായ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ന്യൂഡല്‍ഹിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രസിഡന്റ് മാത്യു ഉമ്മനെ 2023-ലെ പാത്ത്ബ്രേക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് തെരഞ്ഞെടുത്തത് റിലയന്‍സിന് ഇരട്ടിമധുരമായി. രാജ്യത്തുടനീളം ജിയോയുടെ 5ജി ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിന്യാസത്തിന് നേതൃത്വം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് മാത്യു ഉമ്മനാണ്.
മുകേഷ് ധീരുഭായ് അംബാനിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് തങ്ങള്‍ക്ക് കൂടി ലഭിക്കുന്ന വലിയ ആദരമാണെന്ന് മാത്യു ഉമ്മന്‍ പറഞ്ഞു. ടെലികോം, റീട്ടെയില്‍, മീഡിയ, സ്‌പോര്‍ട്‌സ് എന്നിവയില്‍ വ്യാപിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് നേതൃത്വ മികവ്. വിവിധ ബിസിനസ് മേഖലകളില്‍ നിലനിന്നിരുന്ന അതിര്‍വരമ്പുകള്‍ ഭേദിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും താങ്ങാനാവുന്നതുമാക്കി സേവനങ്ങള്‍ മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. റിലയന്‍സ് വ്യാപരിക്കുന്ന എല്ലാ മേഖലകളിലും ഈ ധാര്‍മ്മികത ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇന്നത്തെ, സാങ്കേതികവിദ്യയുടെ പരിവര്‍ത്തന യുഗത്തില്‍, ഡിജിറ്റല്‍ ലോകത്ത് ഇന്ത്യയുടെ പങ്ക് വിപ്ലവകരമായിരിക്കും. കൂടുതല്‍ സമത്വവും സുസ്ഥിരവും ആയിരിക്കും എല്ലാ ഇന്ത്യക്കാരുടെയും ഭാവി-മാത്യു ഉമ്മന്‍ പറഞ്ഞു.
നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍, ബഹുഭാഷാ ഇന്റര്‍നെറ്റ്, കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം, ബിസിനസ് പ്രോസസ് ഇന്നൊവേഷന്‍, നെറ്റ്വര്‍ക്ക് സേവനങ്ങള്‍, ഐഒടി എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ആറ് അവാര്‍ഡുകള്‍ കൂടി ജിയോയ്ക്ക് ലഭിച്ചു.

