Connect with us

Hi, what are you looking for?

News

കൊച്ചിക്കും കെഫോണ്‍ പ്രിയം: ജില്ലയില്‍ അയ്യായിരത്തോളം കണക്ഷനുകള്‍

എറണാകുളം ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 4406 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2172.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്

വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ കണക്ഷനുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്. എറണാകുളം ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 4406 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2172.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്.

കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 296.38 കിലോമീറ്റര്‍ ഒപിജിഡബ്യു കേബിളുകളും 1875.79 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകള്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴിയുമാണ് കേബിള്‍ സ്ഥാപിച്ചത്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1605 സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ കെഫോണ്‍ നെറ്റ്വര്‍ക്കാണ് ഉപയോഗിക്കുന്നത്.

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, ജി.സി.ഡി.എ, എ.ജിസ് ഓഫീസ്, കിന്‍ഫ്ര, സ്റ്റാര്‍ട്ടപ്പ് മിഷന്‍, എന്‍ട്രി ആപ്പ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ വിവിധ ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്ന കണക്റ്റിങ്ങ് ദി അണ്‍കണക്റ്റഡ് പദ്ധതി പ്രകാരം വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കുട്ടമ്പുഴ ആദിവാസി ഊരുകളിലേക്കും കെഫോണ്‍ കണക്ഷന്‍ എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ജില്ലയില്‍ ആകെ 389 ബിപിഎല്‍ വീടുകളിലാണ് കെഫോണ്‍ കണക്ഷനുള്ളത്. 3385 വാണിജ്യ കണക്ഷനുകളും ജില്ലയില്‍ നല്‍കി. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 232 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണക്ഷനുകള്‍ക്ക് വേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. ഏഴ് ഐ.എല്‍.എല്‍ കണക്ഷനും 31 എസ്.എം.ഇ കണക്ഷനുകളും ജില്ലയില്‍ നല്‍കി. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like