സ്വര്‍ണം അതിന്റെ കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് സ്വര്‍ണ വില ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,225 രൂപയിലാണ് വ്യാപാരം. പവന്‍ 640 രൂപ വര്‍ധിച്ച് 57,800 രൂപയുമെത്തി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയിലെത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയിലെത്തി. വിവാഹവിപണിയില്‍ കടുത്ത ആശങ്കയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
ഈ ആഴ്ചയില്‍ മാത്രം 2,320 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. റഷ്യ-യുക്രൈന്‍ യുദ്ധമാണ് പ്രധാനമായും സ്വര്‍ണ വില ഉയര്‍ത്തുന്നത്. യുദ്ധം വരുമ്പോള്‍ പൊതുവെ, നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റും. ഇത് സ്വാഭാവികമായും വിലവര്‍ധിക്കാന്‍ കാരണമാകും.
യു.എസ് ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ കാല്‍ ശതമാനം കുറവു വരുത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തെ ഉയര്‍ത്തുന്നുണ്ട്. സ്വര്‍ണാഭരണ വില ഇങ്ങനെ ഇന്ന് ഒരു പവന്റെ വില 57,800 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതികളും കൂടാതെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 62,564 രൂപ വേണം ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസം വരും.

