യുഎസില്‍ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കുന്ന ആദ്യ ഇന്ത്യന്‍ ക്ഷീര സഹകരണ സംഘമായി മാറാന്‍ അമുല്‍. അമുലിന്റെ ‘ഫ്രഷ് മില്‍ക്ക്’ എന്ന ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങളാണ് യുഎസില്‍ വിറ്റഴിക്കുക. അമുലിന്റെ ഉല്‍പ്പാദകരായ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) യുഎസിലെ ഈസ്റ്റ് കോസ്റ്റിലും മിഡ്വെസ്റ്റ് മാര്‍ക്കറ്റുകളിലും ‘ഫ്രഷ് മില്‍ക്ക്’ വില്‍ക്കാന്‍ മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടു.
‘അമുല്‍ അതിന്റെ പുതിയ പാല്‍ ഉല്‍പന്നങ്ങള്‍ യുഎസില്‍ അവതരിപ്പിക്കുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. യുഎസിലെ 108 വര്‍ഷം പാരമ്പര്യമുള്ള ക്ഷീര സഹകരണ സംഘമായ മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി (എംഎംപിഎ) ഞങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ് അമുല്‍ മില്‍ക്ക്, ഇന്ത്യയ്ക്ക് പുറത്ത് ശക്തമായ ഇന്ത്യന്‍ പ്രവാസി സാന്നിധ്യമുള്ള യുഎസ് പോലുള്ള വിപണിയില്‍ പുതിയ ഉല്‍പ്പന്ന ശ്രേണി അവതരിപ്പിക്കുന്നത്,’ ജിസിഎംഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്ത പറഞ്ഞു.
യുഎസിലെ ഈസ്റ്റ് കോസ്റ്റിലും മിഡ്വെസ്റ്റ് മാര്‍ക്കറ്റുകളിലും ‘ഫ്രഷ് മില്‍ക്ക്’ വില്‍ക്കാന്‍ മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമുല്‍ കരാര്‍ ഒപ്പിട്ടു
അമുല്‍ ബ്രാന്‍ഡിന് കീഴില്‍ ഒരു ഗാലന്‍ (3.8 ലിറ്റര്‍), അര-ഗാലന്‍ (1.9 ലിറ്റര്‍) പായ്ക്കുകളില്‍ അമുല്‍ പാല്‍ വിപണിയിലെത്തിക്കും. ഇതില്‍ 6 ശതമാനം പാല്‍ കൊഴുപ്പ് അടങ്ങിയ അമുല്‍ ഗോള്‍ഡ്, 4.5 ശതമാനം പാല്‍ കൊഴുപ്പുള്ള അമുല്‍ ശക്തി, 3 ശതമാനം പാല്‍ കൊഴുപ്പുള്ള അമുല്‍ താസ, 2 ശതമാനം പാല്‍ കൊഴുപ്പുള്ള അമുല്‍ സ്ലിം എന്നിവ ഉള്‍പ്പെടുന്നു.

