വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിന്റെ വളര്‍ച്ചാ എഞ്ചിനായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിലെജൊഹന്നാസ്‌ബേര്‍ഗില്‍ നടന്ന ബ്രിക്‌സ് ബിസിനസ്സ് ഫോറം ലീഡേഴ്‌സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബിസിനസ്സ് നടത്താന്‍ വര്‍ധിച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്നും സര്‍ക്കാരിന്റെ നയങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലാണെന്നും ഇവിടെ 100 ഓളം യൂണിക്കോണുകള്‍ ഉണ്ടെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ജിഎസ്ടിയും ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡും നിലവില്‍ വന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ടെക്‌നോളജിയുടെ ഉപയോഗവും സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഏറെ സഹായിച്ചു.
ഇന്ന് തെരുവ് കച്ചവടക്കാര്‍ തൊട്ട് ഷോപ്പിംഗ് മാളുകളിലുള്ളവര്‍ വരെ പണമടയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് യൂപിഐ സംവിധാനമാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാട് നടത്തുന്ന രാജ്യവും ഇന്ത്യയാണ്. സൗരോര്‍ജം, വിന്‍ഡ് എനര്‍ജി, ഇലക്ട്രിക് വാഹനരംഗം, ഗ്രീന്‍ ഹൈഡ്രജന്‍ എന്നീ രംഗങ്ങളില്‍ ഇന്ത്യയെ മാനുഫാക്ചറിംങ് ഹബാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണെന്നും മോദി പറഞ്ഞു.

