Connect with us

Hi, what are you looking for?

News

കെഎസ്യുഎം-എസ്എസ്‌കെ ആദ്യ ടിങ്കറിംഗ് ലാബ് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്‌കൂളില്‍

ആദ്യഘട്ടത്തില്‍ 28 സ്‌കൂളുകളിലാണ് ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

വിദ്യാര്‍ഥികളില്‍ ശാസ്ത്രീയമായ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്നൊവേഷന്‍ സെന്ററുകള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും (എസ്എസ്‌കെ) കേരള സ്റ്റാര്‍ട്ടപ് മിഷനു(കെഎസ്യുഎം)മായി ചേര്‍ന്ന് നടപ്പിലാക്കുന്ന സെന്റര്‍ ഫോര്‍ ഏര്‍ലി ഇന്നൊവേഷന്റെ(ടിങ്കറിംഗ് ലാബ്) സംസ്ഥാനതല ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തില്‍ 28 സ്‌കൂളുകളിലാണ് ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതില്‍ ആദ്യത്തെ ലാബ് ആണ് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേത്. ഈ അധ്യയന വര്‍ഷം 70 സ്‌കൂളുകളില്‍ ലാബുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഏഴ് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്ന ഇന്നൊവേഷന്‍ സെന്റര്‍ ലാബുകള്‍ മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് തുടങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കരിക്കുലത്തിലെ വിവിധ പഠന പ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കി ശാസ്ത്രീയമായ രീതിയില്‍ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്ന കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തുകയാണ് ലാബിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്ന് ടിങ്കറിംഗ് ലാബുകള്‍ സജ്ജമാക്കുന്നത്. ലോകബാങ്ക് ധനസഹായത്തോടെ സ്‌ട്രെങ്തനിംഗ് ടീച്ചിംഗ്-ലേണിംഗ് ആന്‍ഡ് റിസള്‍ട്ട് ഫോര്‍ സ്റ്റേറ്റ്‌സി(എസ്ടിഎആര്‍എസ്)നു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് ടിങ്കറിംഗ് ലാബ് അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കെഎസ്യുഎം ശില്‍പ്പശാല സംഘടിപ്പിച്ചു. ഇന്നൊവേഷന്‍ സെന്ററില്‍ വിവിധ ശാസ്ത്ര പ്രോജക്ടുകളുടെ പ്രദര്‍ശനവും വിവരണവും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like