പ്രമുഖ മലയാളി വ്യവസായ ഗ്രൂപ്പായ ലുലു ഭക്ഷ്യസംസ്‌ക്കരണ മേഖല, ചില്ലറ വ്യാപാരം, ഐടി അടിസ്ഥാന സൗകര്യം, ഫിന്‍ടെക് എന്നീ മേഖലകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം നടത്തി. ലോകോത്തര ലോജിസ്റ്റിക്‌സ്-ഷിപ്പിംഗ് കമ്പനിയായ ദുബായിലെ ഷറഫ് ഗ്രൂപ്പ് കേരളത്തില്‍ 5000 കോടി രൂപയുടെ നിക്ഷേപം നടത്തും. നൂറ് ടണ്ണില്‍ താഴെ കേവുഭാരമുള്ള യാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുന്നതിന് ടാറ്റാ എന്റര്‍പ്രൈസസിനു കീഴിലുള്ള ആര്‍ട്‌സണ്‍ എന്‍ജിനീയറിംഗും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സും ധാരണാപത്രം ഒപ്പു വച്ചു.
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ വിവിധ കമ്പനി പ്രതിനിധികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. കളമശ്ശേരിയില്‍ 20 ഏക്കറില്‍ ആരംഭിക്കുന്ന വന്‍കിട ഭക്ഷ്യസംസ്‌ക്കരണ സംവിധാനവും കയറ്റുമതി യൂണിറ്റുമാണ് പ്രധാന നിക്ഷേപ പദ്ധതിയെന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എം എ അഷ്‌റഫ് അലി പറഞ്ഞു. കയറ്റുമതിയ്ക്കും ലുലുവിന്റെ ചില്ലറ വില്‍പന കേന്ദ്രങ്ങളിലേക്കും മാത്രമായിരിക്കും ഇവിടെ നിന്നുള്ള ചരക്ക് നീക്കം. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ശേഖരിച്ച് ശീതീകരണ സംവിധാനം വഴി കയറ്റുമതി ചെയ്യുകയാണ് ഉദ്ദേശ്യം. ഇതിനു പുറമെ അത്യാധുനിക രീതിയിലുള്ള ഭക്ഷ്യസംസ്‌ക്കരണ സംവിധാനവും ഇവിടെ ഒരുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ഗ്ലോബല്‍ സിറ്റി പദ്ധതിയില്‍ ഐടി അടിസ്ഥാന സൗകര്യവും ഫിന്‍ടെക് മേഖലയിലുമാണ് നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. കാക്കനാടുള്ള ഇരട്ട ഐടി കെട്ടിട സമുച്ചയവും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ചില്ലറവ്യാപാര രംഗത്ത് പെരിന്തല്‍മണ്ണ, തിരൂര്‍, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ലുലു മാര്‍ക്കറ്റ് ആരംഭിക്കും. പുതിയ നിക്ഷേപ പദ്ധതികള്‍ വഴി സംസ്ഥാനത്ത് 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 25,000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഇരട്ട ഐടി ടവറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ രണ്ടിടത്തായാണ് പുതിയ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ഷറഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ (റിട്ട.) ഷറഫുദ്ദീന്‍ ഷറഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട താത്പര്യപത്രം സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍്ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎഇ-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയാണ് ഷറഫുദ്ദീന്‍ ഷറഫ്.
കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ ഏഴ് ഏക്കര്‍ സ്ഥലം വികസന പദ്ധതികള്‍ക്കായി മലബാര്‍ സിമന്റ്‌സ് പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവിടെ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. വര്‍ഷം തോറും വലിയൊരു തുക പാട്ടത്തുകയായി നല്‍കുന്നുമുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ടാറ്റാ-ആര്‍ട്‌സനുമായി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചതെന്ന് മലബാര്‍ സിമന്റ്‌സ് എം ഡി ചന്ദ്രബോസ് ജെ. പറഞ്ഞു.
രാജ്യത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ളതും ലാഭകരവുമായ മേഖലയാണ് കപ്പല്‍നിര്‍മ്മാണമെന്ന് ആര്‍ട്‌സണ്‍ എന്‍ജിനീയറിംഗ് സിഇഒ ശശാങ്ക് ഝാ ചൂണ്ടിക്കാട്ടി. ഒരു രൂപ മുടക്കിയാല്‍ എട്ടു രൂപ തിരികെ ലഭിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗതിശക്തി പദ്ധതി വഴി ഉള്‍നാടന്‍ ജലഗതാഗതത്തിന് വന്‍ സാധ്യതകളാണ് ഉണ്ടാകുന്നത്. ഇതിനായി ചെറുയാനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കാന്‍ പോവുകയാണ്. ഈ സാധ്യതയാണ് ആര്‍ട്‌സണ്‍ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്നും ഝാ പറഞ്ഞു.
നിലവിലുള്ള ഭൂമിയിലാണ് കപ്പല്‍ നിര്‍മ്മാണ കേന്ദ്രം തുടങ്ങുന്നത്. നിര്‍മ്മാണകേന്ദ്രം പൂര്‍ണ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മുന്നൂറിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെടുമ്പാശേരിയ്ക്കടുത്ത് അയ്യമ്പുഴയില്‍ നിര്‍ദ്ദിഷ്ട ഗിഫ്റ്റ് സിറ്റിയോട് ചേര്‍ന്ന് മുന്നൂറേക്കറില്‍ നഗരസമുച്ചയം നിര്‍മ്മിക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് കൂട്ടായ്മ പ്രഖ്യാപിച്ചു. ലാന്‍ഡ് പൂളിംഗ് അടിസ്ഥാനമാക്കിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലമുടമകളുമായി ഇതിനകം തന്നെ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്. സര്‍ക്കാരിന് താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അയ്യായിരം കോടി രൂപയുടെ നിക്ഷേപം ഇവിടെ പ്രതീക്ഷിക്കുന്നതായും പ്രതിനിധകള്‍ അറിയിച്ചു.

