ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപത്തിന് കേരളത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ് 2025) യില്‍ ‘സുസ്ഥിര ടൂറിസത്തിന്റെയും ഉത്തരവാദിത്ത വ്യവസായത്തിന്റെയും കേന്ദ്രം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
വൈവിധ്യമാണ് കേരളത്തിന്റെ ടൂറിസത്തിന്റെ കരുത്തെന്നും ചില മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനു പകരം വ്യത്യസ്ത മേഖലകളിലെ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയില്‍ ക്രമാനുഗതമായ വളര്‍ച്ച നേടാനും നിക്ഷേപം ആകര്‍ഷിക്കാനും സംസ്ഥാനത്തിന് സാധിക്കുന്നുണ്ട്. കേരളം എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ മൂല്യത്തിലാണ് ഇനി ലക്ഷ്യം വയ്‌ക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ 30 വര്‍ഷമായി ടൂറിസം മേഖലയില്‍ നേടിയ ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയിലൂടെയാണ് നിക്ഷേപ സൗഹൃദ ഡെസ്റ്റിനേഷനായി കേരളം മാറിയതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. ആഗോള തലത്തിലുള്ള കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് മൂല്യം അതിനെ നിക്ഷേപ സൗഹൃദമാക്കുന്നു. ഇത് നിലനിര്‍ത്താനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം.
ഹരിത ഡെസ്റ്റിനേഷന്‍ എന്നത് കേരളത്തിന്റെ പ്രധാന ആകര്‍ഷണമാണെന്ന് സുമന്‍ ബില്ല പറഞ്ഞു. കേരളത്തിന്റെ സുസ്ഥിര, ഉത്തരവാദിത്ത ടൂറിസം മാതൃക പ്രശംസനീയമാണ്. വര്‍ഷം മുഴുവന്‍ ടൂറിസം പ്രവര്‍ത്തനം സാധ്യമാകുന്നതും ഏതു കാലാവസ്ഥയ്ക്കും അനുകൂലമായ ഡെസ്റ്റിനേഷന്‍ എന്നതും കേരളത്തിന്റെ സവിശേഷതകളാണ്. ഇത് സംസ്ഥാനത്തെ ആഗോള തലത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം നിക്ഷേപ സൗഹൃദവുമാക്കുന്നു.
മികച്ച കണക്ടിവിറ്റി, ഹോസ്പിറ്റാലിറ്റി, ഉയര്‍ന്ന നൈപുണ്യശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, ഗുണനിലവാരമുള്ള സേവനം എന്നിവയെല്ലാം കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്ന ഘടകങ്ങളാണ്. പുതിയ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തുന്നതിന് പ്രാധാന്യം നല്‍കണം. വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധന സ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും പ്രധാനമാണ്.
രാജ്യത്തിന്റെ ടൂറിസം മേഖല ജിഡിപി, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതായി സുമന്‍ ബില്ല ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ജിഡിപിയില്‍ 5.04 ശതമാനം സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. അടുത്ത 10 വര്‍ഷം കൊണ്ട് ഇത് ഗണ്യമായി വര്‍ധിക്കും. 5 വര്‍ഷത്തിനകം 76 മില്യണ്‍ തൊഴിലവസരങ്ങള്‍ ടൂറിസം മേഖല സൃഷ്ടിച്ചതായും ഇത് സമീപ ഭാവിയില്‍ കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില മേഖലകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിപുലമായെന്നും ഈ സാധ്യത പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ വി. വേണു പറഞ്ഞു. വൈവിധ്യമാണ് കേരളത്തിന്റെ ടൂറിസം മേഖലയുടെ സവിശേഷത. വിനോദ സഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ തിരിച്ചറിയാനും അതിനനസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കാനും സംസ്ഥാനത്തിനാകുന്നു. ഈ പ്രവണത നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കണം. അതിനായി മാര്‍ക്കറ്റിംഗ് കാമ്പയിനുകള്‍ കൂടുതല്‍ വിപുലമാക്കണം. യാത്ര ചെയ്യുന്ന സംസ്‌കാരം ആളുകളില്‍ വര്‍ധിച്ചെന്നും അവര്‍ തെരഞ്ഞെടുക്കുന്ന മുന്‍ഗണനാ ബ്രാന്‍ഡായി കേരളം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

