ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ (എം.എം.എഫ്.എസ്.എല്‍) വന്‍ സാമ്പത്തിക തട്ടിപ്പ്. കമ്പനിയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ ഒരു ശാഖയില്‍ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ കെ.വൈ.സി (Know your customer/KYC) രേഖകളുണ്ടാക്കി കമ്പനിയുടെ വാഹന വായ്പകള്‍ തട്ടിയെടുത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതോടെ ഓഹരി വിപണിയില്‍ സ്ഥാപനത്തിലെ വിലയിടിഞ്ഞു. കമ്പനിയുടെ ഓഹരികള്‍ 5 ശതമാനത്തിലധികമാണ് ഇന്നലെ ഇടിഞ്ഞത്.
തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തായതോടെ 2023-24 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ അവലോകനം ചെയ്യുന്നതിനും ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനും ഇന്നലെ ചേരാനിരുന്ന ബോര്‍ഡ് യോഗം കമ്പനി മാറ്റിവച്ചു. 2024 മേയ് 30 ലേക്കാണ് മാറ്റിയത്. ഓഹരികളില്‍ ഇടിവ് തുടരുന്നു നിലവില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് എക്സേഞ്ചുകളെ അറിയിച്ചു കഴിഞ്ഞു.






























