ലിസ്റ്റിംഗിന് ശേഷമുള്ള റെക്കോര്‍ഡ് ഉയര്‍ച്ച നേടി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍. 10% ഉയര്‍ച്ചയാണ് എല്‍ഐസി ഓഹരികള്‍ നേടിയത്. പുതിയ 3-4 ഉത്പന്നങ്ങള്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് വിശ്വാസം വന്നെന്ന് വേണം കരുതാന്‍. പുതിയ ബിസിനസ്സ് പ്രീമിയത്തില്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായാണ് കമ്പനിയുടെ പദ്ധതി.
എല്‍ഐസി ഓഹരികള്‍ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 680 രൂപയിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്‍ഐസി ഈ സാമ്പത്തിക വര്‍ഷം രണ്ടക്ക വളര്‍ച്ചയാണ് കാഴ്ച വെക്കുന്നത് എന്ന് എല്‍ഐസി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മോഹാന്‍തി പറഞ്ഞു. ആകര്‍ഷകമായ പുതിയ ഉത്പന്നങ്ങളിലൂടെ എല്‍ഐസി ഈ ലക്ഷ്യം നേടാന്‍ ഉദ്ദേശിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മെയ് 17,2022 നാണ് എല്‍ഐസി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. അതിന് ശേഷം ഓഹരികള്‍ താഴ്ചയിലായിരുന്നു. 2023 മാര്‍ച്ച് 23 ന് എല്‍ഐസിയുടെ ഓഹരികള്‍ 530.05 രൂപയിലേക്ക് നിലംപതിച്ചു. പിന്നീട് അത് ഉയര്‍ന്നെങ്കിലും, ഇപ്പോഴും ഇഷ്യൂ പ്രൈസായ 949 രൂപയയില്‍ നിന്നുള്ള 44% കിഴിവിലാണ് എല്‍ഐസി വ്യാപാരം നടത്തുന്നത്.
എല്‍ഐസിയുടെ രണ്ടാംപാദ വരുമാനം നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തിയില്ല. 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ എല്‍ഐസിയുടെ മൊത്തം ലാഭം 50% ഇടിഞ്ഞ് 7,925 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എല്‍ഐസി 15,952 കോടി രൂപയുടെ മൊത്തം ലാഭം രേഖപ്പെടുത്തിയിരുന്നു.































