കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി (ഫിക്കി) യുമായി ചേര്‍ന്ന് ‘ബിയോണ്ട് ടുമോറോ 2025’ സമ്മേളനം നടത്തും. 2025 ജൂണ്‍ 28-ന് ഉച്ചയ്ക്ക് 2:30 മുതല്‍ രാത്രി 8:00 വരെ കോഴിക്കോട് റാവീസ് കടവ് റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്.
‘ഇന്ത്യയുടെ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തല്‍(ഷേപ്പിംഗ് ഇന്ത്യാസ് ക്രിയേറ്റീവ് എക്കോണമി) എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ നയകര്‍ത്താക്കള്‍, സര്‍ഗ്ഗാത്മക സംരംഭകര്‍, നിക്ഷേപകര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടെ പങ്കെടുക്കും. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് സര്‍ഗ്ഗാത്മകവും സാംസ്‌കാരികവുമായ മേഖലകളെ പൂര്‍ണമായും പ്രയോജനപ്പെടുത്താമെന്ന് സമ്മേളനം ചര്‍ച്ച ചെയ്യും.
ഡിസൈന്‍, മീഡിയ, കല, പൈതൃകം, ഫാഷന്‍, സംഗീതം, സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രഭാഷണങ്ങള്‍, വിദഗ്ദ്ധ പാനലുകള്‍, സംവേദനാത്മക ചര്‍ച്ചകള്‍ എന്നിവ സമ്മേളനത്തില്‍ ഉണ്ടാകും. ഇന്ത്യയിലെ വളര്‍ന്നുവരുന്ന സര്‍ഗ്ഗാത്മക ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണത്തിനും നയപരമായ സംവാദങ്ങള്‍ക്കും സമ്മേളനം ഉത്തേജകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
‘ബിയോണ്ട് ടുമോറോ എന്നത് സമ്മേളനത്തിനപ്പുറം സര്‍ഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും സുസ്ഥിര സാംസ്‌കാരിക സംരംഭകത്വത്തിന്റെയും ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ദേശീയ വേദിയാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നൂതനത്വത്തില്‍ അധിഷ്ഠിതവുമായ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ കേരളത്തിന്റെ കാഴ്ചപ്പാട് ഇവിടെ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.































