ബില്യണയറായ മുകേഷ് അമ്പാനിയുടെ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്നവരാണ്. ഇനി മുതല്‍ അവര്‍ക്ക് ബോര്‍ഡ് മീറ്റിംഗുകളിലും കമ്മിറ്റി മീറ്റിംഗുകളിലും പങ്കെടുക്കുന്നതിന് ഒരു നിശ്ചിത തുക മാത്രമേ ലഭിക്കുകയുള്ളൂ, ശമ്പളമുണ്ടാകില്ല. അതിന് പുറമെ, കമ്പനിക്ക് നേടാനാകുന്ന ലാഭത്തിന്റെ കമ്മീഷനും ലഭിക്കും. ഓഹരിയുടമകളുടെ നിയമനം സംബന്ധിച്ച പ്രമേയത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനിയില്‍ നിന്ന് അംബാനി ശമ്പളം വാങ്ങിച്ചിട്ടില്ല. അതേസമയം കമ്പനിയുടെ മറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ നിഖില്‍, ഹിതല്‍ എന്നിവര്‍ക്കൊക്കെ ശമ്പളവും കമ്മീഷനും അലവന്‍സുകളുമെല്ലാം ലഭിക്കുന്നുണ്ട്. ഇവര്‍ അമ്പാനിയുടെ ബന്ധുക്കളുമാണ്.
കഴിഞ്ഞ മാസം നടന്ന, ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തിലാണ് തന്റെ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ റിലയന്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഉള്‍പ്പെടുത്തുന്ന കാര്യം അമ്പാനി പ്രഖ്യാപിച്ചത്. താന്‍ കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായി തുടരുമെന്നും അമ്പാനി പറഞ്ഞിരുന്നു. കമ്പനിയെ നയിക്കാന്‍ അടുത്ത തലമുറയെ പരിശീലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായിട്ടുള്ള ഇവരുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതിന് വേണ്ടി ഓഹരി ഉടമകളുടം അഭിപ്രായവും തേടിയിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ആന്വല്‍ ഷെയര്‍ഹോള്‍ഡേഴ്‌സ് മീറ്റിംഗില്‍, അടുത്ത അഞ്ച് കൊല്ലം കൂടി അംബാനി തന്നെ കമ്പനിയുടെ തലവനായി തുടരുന്നതിന് അംഗീകാരം ലഭിച്ചിരുന്നു. കഴിഞ്ഞ 3 വര്‍ഷത്തെ പോലെ തന്നെ ഈ കാലയളവിലും ശമ്പളമില്ലാതെ തുടരാനാണ് അംബാനിയുടെ തീരുമാനം.

