ഇന്ത്യക്ക് ഇത് അഭിമാന നിമിഷം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഹൈഡ്രജന്‍ ബോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് ഹൈഡ്രജന്‍ ബോട്ട് നിര്‍മ്മിച്ചത്. അന്തരീക്ഷ, ശബ്ദമലിനീകരണമില്ലെന്നതാണ് ബോട്ടിന്റെ മുഖ്യ സവിശേഷത.
50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് കാശിയില്‍ (വാരാണസി) ഗംഗാനദിയിലെ സര്‍വീസിനായാണ് നിര്‍മ്മിച്ചത്. അതിനാല്‍ ബോട്ട് കാശിയിലേക്ക് യാത്ര തിരിച്ചു. ഓട്ടോമോട്ടീവ് രംഗത്തെ ഐ.ടി കമ്പനിയായ കെ.പി.ഐ.ടി., സി.എസ്.ഐ.ആര്‍., ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ് എന്നിവയുമായി സഹകരിച്ചാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഹൈഡ്രജന്‍ യാനം നിര്‍മ്മിച്ചത്. കൂടുതല്‍ നഗരങ്ങളിലേക്ക് ഹൈഡ്രജന്‍ യാന പദ്ധതി ആരംഭിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ട്.
കേന്ദ്രത്തിന്റെ 75 ശതമാനം ഫണ്ടിംഗുമായാണ് ആദ്യ ഹൈഡ്രജന്‍ ബോട്ട് നിര്‍മ്മിച്ചത്. ഇലക്ട്രിക്, ഹൈഡ്രജന്‍ ഇന്ധനങ്ങളുപയോഗിക്കുന്ന ആയിരം യാനങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ട്. 5-10 വര്‍ഷത്തിനകം പരമ്പരാഗത ഇന്ധനത്തില്‍ നിന്ന് മാറി ഹൈഡ്രജന്‍ പൊതു മാരിടൈം ഇന്ധനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

