അബദ്ധത്തില്‍ 9,000 കോടി രൂപ തമിഴ്നാട്ടിലെ ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് മാറ്റിയ ബാങ്കിന്റെ സിഇഒ രാജി വെക്കാന്‍ ഒരുങ്ങുന്നു. തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ് കൃഷ്ണനാണ് ടാക്സി ഡ്രൈവറായ രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയതിന് ആഴ്ചകള്‍ക്കുള്ളില്‍ രാജി വെക്കാന്‍ ഒരുങ്ങുന്നത്.
സെപ്റ്റംബര്‍ 9 ന് ഉച്ച തിരിഞ്ഞ് 3 മണിക്കാണ് 9,000 കോടി രൂപ ടാക്സി ഡ്രൈവര്‍ രാജ് കുമാറിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയത്. ആശ്ചര്യം കൊണ്ട് പണം എത്രയാണെന്ന് എണ്ണാന്‍ പോലും രാജ്കുമാറിന് കഴിഞ്ഞില്ല. തന്റെ സുഹൃത്തിന് 21,000 രൂപ ഇയാള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയുമുണ്ടായി. അരമണിക്കൂറിന് ശേഷം തെറ്റ് പറ്റിയതാണെന്ന് ബാങ്ക് അറിയിക്കുകയും ബാക്കിയുള്ള പണം തിരിച്ചെടുക്കുകയും ചെയ്തു.
വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വെക്കുന്നു എന്നാണ് രാജിക്കത്തില്‍ സിഇഒ എസ് കൃഷ്ണന് പറഞ്ഞിരിക്കുന്നത്. സെപ്റ്റംബര്‍ 2022ലാണ് ഇദ്ദേഹം സ്ഥാനമേറ്റെടുക്കുന്നത്. മെര്‍ക്കന്റൈല്‍
ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് സംഘടിപ്പിച്ച മീറ്റിംഗില്‍ എസ് കൃഷ്ണന്റെ രാജി സ്വീകരിക്കുകയും അത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അയക്കുകയും ചെയ്തു. ആര്‍ബിഐയുടെ നിര്‍ദ്ദേശം വരുന്നത് വരെ ഇദ്ദേഹം സിഇഒ സ്ഥാനത്ത് തുടരുമെന്നും ബാങ്ക് അറിയിച്ചു.
ജൂണില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ബാങ്കില്‍ വെരിഫിക്കേഷന് പ്രോസസ് നടത്തുകയും ചില ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

