Connect with us

Hi, what are you looking for?

Business & Corporates

ആസ്റ്റര്‍ ഇന്ത്യാ-ജിസിസി ബിസിനസുകള്‍ വേര്‍തിരിക്കുന്നു

ആസ്റ്റര്‍ ജിസിസിയില്‍ നിക്ഷേപം നടത്താന്‍ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം

ഇന്ത്യയിലേയും ജിസിസി രാജ്യങ്ങളിലേയും ആരോഗ്യമേഖലയില്‍ മുന്‍നിരയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അതിന്റെ ഇന്ത്യാ-ജിസിസി പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിക്കുന്നു. ഇതുസംബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ഡയറക്ടേഴ്സ് ബോര്‍ഡ് അംഗീകാരവും ആസ്റ്റര്‍ അനുബന്ധ സ്ഥാപനമായ അഫിനിറ്റി ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് അംഗീകാരവും ലഭിച്ചു.

പ്രവര്‍ത്തനം വിഭജിക്കുന്ന പദ്ധതി പ്രകാരം ആസ്റ്റര്‍ ജിസിസി ബിസിനസില്‍ നിക്ഷേപിക്കാന്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോര്‍ഷ്യവുമായി അഫിനിറ്റി ഹോള്‍ഡിംഗ്സ് കരാറില്‍ ഏര്‍പ്പെട്ടു. എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റി, അല്‍സെയര്‍ ഗ്രൂപ്പിന്റെ നിക്ഷേപ വിഭാഗമായ അല്‍ ദൗ ഹോള്‍ഡിംഗ് കമ്പനി, ഹന ഇന്‍വെസ്റ്റ്മെന്റ് കമ്പനി, വഫ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവ ഉള്‍പ്പെട്ടതാണ് ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം.

1987-ല്‍ ഡോ. ആസാദ് മൂപ്പന്‍ ദുബായില്‍ ഒരൊറ്റ ക്ലിനിക്കായി ആരംഭിച്ചതാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. നിലവില്‍ ആസ്റ്ററിന് അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 226 ഫാര്‍മസികള്‍, 251 പേഷ്യന്റ് എക്സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയുണ്ട്. ഗള്‍ഫില്‍, 15 ആശുപത്രികളുമായി ആസ്റ്റര്‍ ശക്തമായ സാന്നിധ്യമാണ് വികസിപ്പിച്ചെടുത്തത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായി 118 ക്ലിനിക്കുകളും 276 ഫാര്‍മസികളും കൂടി ആസ്റ്ററിനുണ്ട്.

ഇന്ത്യാ – ജിസിസി പ്രവര്‍ത്തനം വേര്‍തിരിക്കുന്നതോടെ ആരോഗ്യ പരിരക്ഷാ മേഖലയില്‍ രണ്ടു വ്യത്യസ്ത മേഖലകളിലും വളരുന്ന വിപണിയുടെ ആവശ്യകതയും രോഗികളുടെ മുന്‍ഗണനകളും അനുസരിച്ചുള്ള സംഭാവനകള്‍ നല്കുന്നതില്‍ ആസ്റ്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യാ, ജിസിസി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വ്യത്യസ്ത മാനേജ്മെന്റ് ടീമുകള്‍ ആയിരിക്കും നയിക്കുക.

വ്യത്യസ്ത ബിസിനസ് തന്ത്രങ്ങളും വ്യത്യസ്ത വളര്‍ച്ചാ ചലനാത്മകതയും ഉള്‍പ്പെടുന്നതാണ് ജിസിസി, ഇന്ത്യാ ഹെല്‍ത്ത്കെയര്‍ വിപണികള്‍. 1.4 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യ തന്നെയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ വളര്‍ച്ചാ പാതയിലെ മുഖ്യ വിപണി. ഇന്ത്യയില്‍ 2027 സാമ്പത്തിക വര്‍ഷത്തോടെ 1500-ലധികം കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ബെഡ് കപ്പാസിറ്റി വര്‍ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജിസിസിയില്‍ യുഎഇ, സൗദി അറേബ്യ തുടങ്ങിയ പ്രധാന വിപണികളില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.

വിഭജനത്തിനു ശേഷവും ഡോ. ആസാദ് മൂപ്പന്‍ തന്നെ ഇന്ത്യാ, ജിസിസി സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയര്‍മാനുമായി തുടരും. ജിസിസി ബിസിനസ് ഗ്രൂപ്പ് സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി അലീഷാ മൂപ്പനെ നിയമിക്കും. ഇന്ത്യാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക ചീഫ് എക്്സിക്യുട്ടീവ് ഓഫീസര്‍ ഡോ. നിതീഷ് ഷെട്ടി തന്നെയായിരിക്കും.

അതത് വിപണികളിലെ വളര്‍ച്ചാ ആനുകൂല്യം ലഭ്യമാക്കുന്നതിനുും രണ്ടിനും അതിന്റെതായ ന്യായമായ മൂല്യം സ്ഥാപിക്കുന്നതിനുമാണ് ആസ്റ്റര്‍ ഇന്ത്യാ – ജിസിസി പ്രവര്‍ത്തനം വേര്‍തിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇന്ത്യയില്‍, പ്രൊമോട്ടര്‍മാര്‍ എന്ന നിലയില്‍ വളര്‍ച്ചാ പദ്ധതികളില്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ വര്‍ഷം ആദ്യം തങ്ങളുടെ ഓഹരി 42 ശതമാനമായി ഉയര്‍ത്തിയെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു.

ജിസിസി ബിസിനസില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യം എന്ന നിലയില്‍ അഫിനിറ്റി ബോര്‍ഡ് തെരഞ്ഞെടുത്തത് ഫജര്‍ ക്യാപിറ്റലിനെയാണ്. ജിസിസിയില്‍ പ്രത്യേകിച്ച് സൗദി അറേബ്യയില്‍ വിപുലീകരണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് അവരുടെ വൈദഗ്ധ്യം സഹായകമായേക്കും. ജിസിസി ബിസിനസില്‍ 35 ശതമാനം ഓഫരി മൂപ്പന്‍ കുടുംബം നിലനിര്‍ത്തും. ജിസിസിയില്‍ രോഗികള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്കുന്നത് തുടരുന്ന രീതിയിലാണ് ആസ്റ്റര്‍ അതിന്റെ ബിസിനസ് ഭാവി വിഭാവനം ചെയ്തിരിക്കുന്നത്.

ഫജര്‍ ക്യാപിറ്റലിന്റെ ശക്തമായ വിപണി സാന്നിധ്യവും ശൃംഖലയും അതിന് അടിവരയിടുന്നുണ്ട്. ജിസിസിയിലെ ഞങ്ങളുടെ വളര്‍ച്ചാ പാതയുടെ അടുത്ത ഘട്ടത്തിന്റെ മേല്‍നോട്ടം അലീഷയാണ് നിര്‍വഹിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like