പ്രാണപ്രതിഷ്ഠക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു നല്‍കിയതോടെ തീര്‍ത്ഥാടന ടൂറിസം മേഖലയില്‍ കുതിപ്പ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറം , ഇരട്ടി സഞ്ചാരികളാണ് പ്രതിദിനം അയോധ്യയിലേക്ക് എത്തുന്നത്.
പ്രതിദിനം ഒരു ലക്ഷം സഞ്ചാരികളെ ഉള്‍ക്കൊള്ളുന്ന തലത്തില്‍ ക്രമീകരിച്ചിരിക്കുന്ന ക്ഷേത്രത്തിലേക്ക് നിലവില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ സഞ്ചാരികളാണ് ഓരോ ദിവസവും എത്തുന്നത്. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേര്‍ ദര്‍ശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ 5 ലക്ഷം പേര്‍ ദര്‍ശനം നടത്തിയെങ്കില്‍ തുടര്‍ദിവസങ്ങളില്‍ ശരാശരി 2 ലക്ഷം തീര്‍ഥാടകര്‍ ക്ഷേത്രത്തില്‍ എത്തുന്നു.
ഇതില്‍ ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള സഞ്ചാരികള്‍ ഉള്‍പ്പെടുന്നു. ട്രിപ് അഡൈ്വസര്‍ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കള്‍ അയോധ്യാ ദര്‍ശനത്തിന് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ക്യൂവും ആരതി കാണാന്‍ സൗകര്യങ്ങളും അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രം ഭരണസമിതി ഈ ദിവസങ്ങളില്‍ ഒരുക്കുന്നത്.
തീര്‍ത്ഥാടന ടൂറിസം അതിന്റെ പൂര്‍ണതയില്‍ വികസിച്ചതോടെ അയോധ്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ക്ക് ഒരുക്കിക്കൊണ്ട് ഹോസ്പിറ്റാലിറ്റി , ഹോട്ടല്‍ മേഖലകളിലും വികസനം വന്നു തുടങ്ങി. വരുമാനം വര്‍ധിക്കുന്നത് രാജ്യത്തിന്റെ ഖജനാവിന് തുണയാകും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.































