ദീപങ്ങളുടെ ഉല്‍സവമായ ദീപാവലി എത്തുമ്പോള്‍ എല്ലാ വര്‍ഷവും നമ്മള്‍ കേള്‍ക്കുന്നതാണ് മുഹൂര്‍ത്ത വ്യാപാരത്തെക്കുറിച്ച്. എന്താണ് ഈ മുഹൂര്‍ത്ത വ്യാപാരം? ഓഹരി വിപണിയില്‍ ദീപാവലി ദിനത്തില്‍ നടത്തുന്ന ഒരു മണിക്കൂര്‍ പ്രത്യേക ട്രേഡിംഗ് സെഷനാണ് മുഹൂര്‍ത്ത വ്യാപാരം.
ഇത് ഇന്ത്യന്‍ ധനകാര്യ വിപണികളിലെ വ്യാപാരത്തിന് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഹിന്ദു പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗം കൂടിയാണിത്. വരും വര്‍ഷത്തിലെ സാമ്പത്തിക അഭിവൃദ്ധിക്കായി അനുഗ്രഹങ്ങള്‍ തേടുന്നതിനായി വ്യാപാരികളും നിക്ഷേപകരും സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗില്‍ കുറച്ച് സമയത്തേക്ക് പങ്കെടുക്കുന്നു.
ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇ ആണ് 1957ല്‍ ഇതവതരിപ്പിച്ചത്. ആ വര്‍ഷം മുതല്‍ ദീപാവലി മുഹൂര്‍ത്ത ട്രേഡിംഗ് സെഷനുകള്‍ ബിഎസ്ഇ നടത്തുന്നു. 1992 മുതല്‍ എന്‍എസ്ഇയും ഈ പാരമ്പര്യം ആരംഭിച്ചു.
ഇത്തവണ മുഹൂര്‍ത്ത വ്യാപാര സെഷന്‍ നവംബര്‍ 12 ഞായറാഴ്ചയാണ് നടക്കുക.
കഴിഞ്ഞ പത്ത് മുഹൂര്‍ത്ത ട്രേഡിംഗ് സെഷനുകളില്‍, ഓഹരി വിപണി സൂചികകള്‍ ഏഴ് സന്ദര്‍ഭങ്ങളില്‍ പോസിറ്റീവ് റിട്ടേണ്‍ നല്‍കിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 524.5 പോയിന്റ് ഉയര്‍ന്നാണ് ദിവാലിക്ക് സെന്‍സക്സ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ 2017ല്‍ 194 പോയിന്റ് താഴ്ന്നതാണ് ഏറ്റവും തിരിച്ചടി നേരിട്ട സമീപ വര്‍ഷങ്ങളിലെ മുഹൂര്‍ത്ത വ്യാപാര സെഷന്‍.

