ഇന്ത്യയിലെ മുന്‍നിര കോര്‍പറേറ്റ് കമ്പനികളുടെ ഭാഗമായ രാജ്യത്തെ സ്പോര്‍ട്സ് ലീഗുകള്‍ ഇന്ന് കോടികളുടെ വരുമാനമാണ് നേടുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുണൈറ്റഡ് സ്പിരിറ്റ്സ്, ടാറ്റാ സ്റ്റീല്‍, ആര്‍.പി.എസ്ജി വെന്‍ചേഴ്സ്, ഇമാമി ഗ്രൂപ്പ് തുടങ്ങി കോര്‍പറേറ്റുകളുടെ സാന്നിധ്യം ക്രിക്കറ്റ്, ഫുട്ബോള്‍ ലീഗുകളില്‍ പ്രകടമാണ്. ഈ രംഗത്ത് പുതിയൊരു വിപ്ലവം തന്നെയാണ് കമ്പനികള്‍ മുന്നില്‍ കാണുന്നത്.
റിലയന്‍സിന്റെ സബ്സിഡിയറി കമ്പനിയായ ഇന്ത്യാവിന്‍ സ്പോര്‍ട്സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍. 2022-23 സാമ്പത്തികവര്‍ഷം 359 കോടി രൂപയായിരുന്നു വരുമാനം. അറ്റനഷ്ടം 49 കോടി രൂപയും. ഇത്തവണ വരുമാനം ഇരട്ടിയായി, 737 കോടി രൂപ. നഷ്ടം ലാഭത്തിന് വഴിമാറി. 2023-24ലെ ലാഭം 110 കോടി രൂപയാണ്. ഈ വരുമാനം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നാണ് നിഗമനം.
അതെ സമയം മദ്യ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഉടമസ്ഥര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തികവര്‍ഷം 163 ശതമാനത്തിന്റെ വരുമാന വര്‍ധനയാണ് കമ്പനി നേടിയത്. മൊത്ത വരുമാനം 650 കോടി രൂപയായി ഉയര്‍ന്നു, അറ്റലാഭം 222 കോടി. കഴിഞ്ഞവര്‍ഷമുണ്ടായാ നഷ്ട്ടം നികത്തിയാണ് ഈ നേട്ടം.
സഞ്ജീവ് ഗോയെങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി.എസ്.ജി ഗ്രൂപ്പിന്റെ ഐ.പി.എല്‍ ടീമായ ലക്നൗ സൂപ്പര്‍ജയന്റ്സ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 59 കോടി രൂപ അറ്റാദായം നേടി. ഐ.പി.എല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ ടീമുകളിലൊന്നാണിത്. 2022-23 സീസണില്‍ 243 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഇത്തരത്തില്‍ ക്രിക്കറ്റ് ലീഗുകളില്‍ ഭാഗ്യം പരീക്ഷിച്ച കമ്പനികള്‍ അത്രയും നേട്ടം കൊയ്യുകയാണ്.

