ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് സൗജന്യമായി ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് റിലയന്‍സിന്റെ ജിയോ സിനിമ ഇന്ത്യയില്‍ അവതരിച്ചത്. ഇന്ത്യയിലെങ്ങും കുഞ്ഞന്‍ മൊബൈല്‍ സ്‌ക്രീനുകള്‍ മുതല്‍ പടുകൂറ്റന്‍ സ്‌ക്രീനുകള്‍ വരെ ജിയോ സിനിമ എന്ന ലോഗോ തെളിഞ്ഞുനിന്ന രണ്ടുമാസക്കാലം മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളെയൊക്കെ പിന്തള്ളി. അധികം താമസിയാതെ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ ടാറ്റ ഐപിഎല്‍ സൗജന്യമായി സംപ്രേഷണം ചെയ്ത് ജിയോ സിനിമ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ജിയോ സിം സഞ്ചരിച്ച മാര്‍ക്കറ്റിംഗ് വഴിയിലൂടെ തന്നെയാണ് ഒടിടി പ്ലാറ്റ്‌ഫോമിന്റെയും യാത്ര
23,758 കോടി രൂപ മുടക്കി ഐപിഎലിന്റെ ഒടിടി സംപ്രേഷണാവകാശം സ്വന്തമാക്കിയ ശേഷമാണ് പ്രേക്ഷകരിലേക്ക് തികച്ചും സൗജന്യമായി മല്‍സരങ്ങള്‍ ജിയോ എത്തിക്കുന്നത്. റിലയന്‍സിന്റെ ഭാഗമായി വയാകോം18 ആണ് കരാര്‍ നേടിയത്. അടുത്തിടെ സമാപിച്ച പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) മല്‍സരങ്ങളും ജിയോ സൗജന്യമായി നല്‍കിയിരുന്നു.
ജിയോ വരിക്കാരല്ലാത്തവരിലേക്ക് പോലും സൗജന്യമായി ഈ സംപ്രേഷണങ്ങള്‍ കമ്പനി എത്തിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. തുടക്കത്തില്‍ സൗജന്യമായി നല്‍കി അഡിക്ഷന്‍ ഉണ്ടാക്കിയശേഷം പിന്നീട് പതിയെ ചാര്‍ജുകള്‍ ഈടാക്കുന്ന തന്ത്രം തന്നെയാണ് ജിയോ സിനിമയും പിന്തുടരാനുദ്ദേശിക്കുന്നത്. എയര്‍ടെലിന്റെയും ഐഡിയയുടെയും വോഡഫോണിന്റെയും സ്‌പേസിലേക്ക് സൗജന്യങ്ങളുമായി ഇടിച്ചു കയറിയ ജിയോ സിം സഞ്ചരിച്ച വഴിയിലൂടെയാണ് ഒടിടി പ്ലാറ്റ്‌ഫോമിന്റെയും യാത്ര.
ലോസ് ലീഡര്‍ തന്ത്രം
ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഐപിഎല്‍ സൗജന്യമായി സ്ട്രീം ചെയ്യാനാണ് ജിയോ സിനിമ ഉദ്ദേശിക്കുന്നത്. പതിയെ സൗജന്യമായും പിന്നെ ചെറിയ തുകയ്ക്കും സബ്‌സ്‌ക്രിപ്ഷനുകള്‍ ഏര്‍പ്പെടുത്താന്‍ കമ്പനിക്കാകും. അതല്ലെങ്കില്‍ ജിയോ സിം ഉപയോഗിക്കുന്നവര്‍ക്ക് ജിയോ സിനിമ സൗജന്യമായി നല്‍കാം.
സ്വാഭാവികമായും ജിയോ സിം കൂടി എടുക്കാനുള്ള ത്വര ഉപഭോക്താക്കളില്‍ വര്‍ധിക്കും. ഇവിടെയാണ് കമ്പനി ബിസിനസ് കാണുന്നത്. ഒടിടിയിലെ പ്രധാന എതിരാളികളായ ഹോട്ട്‌സ്റ്റാറിനും നെറ്റ്ഫ്‌ളിക്‌സിനും നിലവില്‍ നല്‍കാനാവാത്ത സേവനമാണിത്.
ക്രോസ് സെല്ലിംഗ്
പ്രൊഡക്റ്റുകളുടെ ക്രോസ് സെല്ലിംഗിലൂടെ മികച്ച നേട്ടമുണ്ടാക്കാന്‍ ജിയോ ലക്ഷ്യമിടുന്നു. ജിയോ സിനിമയുടെ ഉപഭോക്താക്കളുടെ എണ്ണം ഫിഫ ലോകകപ്പ് മുതല്‍ മുകളിലേക്കാണ്. ഐപിഎലിന്റെ സൗജന്യ സ്ട്രീമിഗ് പ്ലാറ്റ്‌ഫോമിനെ ഒന്നുകൂടി ജനപ്രിയമാക്കിയിട്ടുണ്ട്. സിനിമയും ടിവി പരിപാടികളുമടക്കം വ്യത്യസ്തമായ ഉള്ളടക്കങ്ങള്‍ ജിയോ സിനിമയിലുണ്ട്. സ്‌പോര്‍ട്‌സിലൂടെ പ്ലാറ്റ്‌ഫോമില്‍ ഹരം കണ്ടെത്തുന്ന ഉപയോക്താക്കള്‍ മറ്റ് ഉള്ളടക്കങ്ങളും കാണാനാരംഭിക്കും. സ്വാഭാവികമാകും മുന്‍ഗണനയുള്ള ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ സിനിമക്ക് മാറാനാവും. 520 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കളുള്ള യൂട്യൂബിനെയും ഒന്നു വിറപ്പിക്കാനാണ് പദ്ധതി.
ജനപ്രീതിയില്‍ മുന്നിലേക്ക് | |
---|---|
> അഞ്ച് കോടി പേര്‍ പുതിയതായി ജിയോ സിനിമ ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു | |
> ഐപിഎലിന്റെ ആദ്യ വാരം 550 കോടി ആളുകളാണ് ജിയോ സിനിമയിലൂടെ മാച്ചുകള്‍ കണ്ടത് | |
> വീക്കെന്‍ഡ് ദിനങ്ങളില്‍ മാത്രം 147 കോടി പ്രേക്ഷകരെ ജിയോ സിനിമക്ക് കിട്ടി | |
> ഓരോ വ്യക്തിയും ശരാശരി 57 മിനിറ്റ് പ്ലാറ്റ്‌ഫോമില്‍ ചെലവിട്ടു | |
ചെന്നൈ സൂപ്പര്‍കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മല്‍സരം ജിയോ സിനിമയില്‍ കണ്ടത് 2.2 കോടി ആളുകള്‍ |
പരസ്യ വരുമാനം
ടാറ്റ ഐപിഎല്‍ 2023 ന്റെ ആകെ പരസ്യ വരുമാനത്തിന്റെ 60% ജിയോ സിനിമ സ്വന്തമാക്കുമെന്നാണ് മീഡിയ പാര്‍ട്‌ണേഴ്‌സ് ഏഷ്യ അനുമാനിക്കുന്നത്. ടിവി സംപ്രേഷണത്തിലെ പരസ്യ വരുമാനത്തെ ഇതാദ്യമായി ഡിജിറ്റല്‍ സംപ്രേഷണത്തിലൂടെയുള്ള പരസ്യ വരുമാനം മറികടക്കാന്‍ പോകുന്നു. 23000 കോടി രൂപ മുടക്കി ഡിജിറ്റല്‍ സംപ്രേഷണാവകാശം നേടിയെടുത്തത് റിയലന്‍സിന് ഒട്ടും നഷ്ടമാവില്ലെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.
സിനിമയും ടിവി പരിപാടികളുമടക്കം വ്യത്യസ്തമായ ഉള്ളടക്കങ്ങള്‍ ജിയോ സിനിമയിലുണ്ട്. സ്‌പോര്‍ട്‌സിലൂടെ പ്ലാറ്റ്‌ഫോമില്‍ ഹരം കണ്ടെത്തുന്ന ഉപയോക്താക്കള്‍ മറ്റ് ഉള്ളടക്കങ്ങളും കാണാനാരംഭിക്കും. സ്വാഭാവികമാകും മുന്‍ഗണനയുള്ള ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ സിനിമക്ക് മാറാനാവും
മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയില്‍ മുകേഷ് അംബാനി എന്നും തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. അംബാനി വ്യവസായ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമായ ജിയോ സിനിമയും വ്യക്തമായ സ്ട്രാറ്റജിയോടെയാണ് അവതരിച്ചിരിക്കുന്നതെന്ന് വ്യക്തം.
എതിരാളികള്‍ തളരുന്നു
വയാകോം18 ന്റെ വൂട്ട് ഒടിടി പ്ലാറ്റ്‌ഫോം നിലവിലുണ്ടെങ്കിലും അത്ര ജനപ്രീതി പിടിച്ചു പറ്റാനായിട്ടില്ല. നെറ്റ്ഫ്‌ളിക്‌സും ഡിസ്‌നി ഹോട്്‌സ്റ്റാറും വിരാജിക്കുന്ന ഇന്ത്യന്‍ ഒടിടി ബിസിനസില്‍ വളരെ ചെറിയ പങ്കാളിത്തം മാത്രമാണ് വൂട്ടിനുള്ളത്. ഈ സാഹചര്യത്തില്‍ റിലയന്‍സ് ജിയോയെ പ്രധാന ഒടിടി പ്ലാറ്റ്‌ഫോമായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് റിലയന്‍സിന്റെ ശ്രമം.
നല്ല സമയമാണിത്. ഡിസ്‌നിയും നെറ്റ്ഫ്‌ളിക്‌സും വരുമാനം ഉയര്‍ത്താനും വരിക്കാരെ പിടിക്കാനുമാകാതെ സ്ട്രഗിള്‍ ചെയ്യുന്നു. കുറഞ്ഞ നിരക്കിലും പലപ്പോഴും പരസ്യങ്ങളുള്‍ക്കൊള്ളിച്ച് സൗജന്യമാക്കിയും ഉള്ളടക്കങ്ങള്‍ നല്‍കിയാണ് രണ്ട് വമ്പന്‍ പ്ലാറ്റ്‌ഫോമുകളും ആളെ പിടിക്കുന്നത്.
ഡിസ്‌നി ഹോട്ട്‌സ്റ്റാറിനെ വ്യത്യസ്തമാക്കി ബോളിവുഡ്+ക്രിക്കറ്റ് സ്ട്രാറ്റജിയാണ് ജിയോ സിനിമ തട്ടിയെടുത്തിരിക്കുന്നത്. എച്ച്ബിഒയുമായി കൂട്ടുകെട്ട് അവസാനിപ്പിട്ട ഡിസ്‌നിയുടെ ഉള്ളടക്കങ്ങളില്‍ വിരസത പ്രകടമാണ്. നെറ്റ്ഫ്‌ളിക്‌സിന് ഇതുവരെ ലാഭം കണ്ടെത്താനായിട്ടില്ല താനും. ബജറ്റ് പ്രതിസന്ധി ഇരു പ്ലാറ്റ്‌ഫോമുകളും നേരിടുന്നുണ്ട്.
ചെലവാക്കാന്‍ മടിയില്ലാത്ത മനോഭാവവും തടിച്ച പഴ്‌സുമായാണ് ജിയോ സിനിമയുടെ വരവ്. മികച്ച ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനാവുകയും സിനിമ നിര്‍മാണ രംഗത്തെ വമ്പന്‍മാരായ വയാകോം18 ന്റെ മികച്ച പിന്തുണ ലഭിക്കുകയും ചെയ്താല്‍ അധികം വൈകാതെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ സിനിമ മാറാന്‍ എല്ലാ സാധ്യതയുമുണ്ട്.

The author is News Editor at The Profit.
