| സംരംഭം: സെരോധ | |
| മേഖല: സ്‌റ്റോക്ക് ബ്രോക്കിംഗ് | |
| ആസ്തി (നിഖില്‍ കാമത്ത്): 1.1 ബില്യണ്‍ ഡോളര്‍ | |
| ആസ്തി (നിതിന്‍ കാമത്ത്): 2.7 ബില്യണ്‍ ഡോളര്‍ |
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാരെന്ന ചോദ്യത്തിന് ഇപ്പോഴൊരു ഉത്തരമേയുള്ളൂ, നിഖില്‍ കാമത്ത്. വയസ് 36, എന്നാല്‍ ആസ്തിയോ 1.1 ബില്യണ്‍ ഡോളര്‍. തന്റെ മൂത്ത സഹോദരന്‍ നിതിന്‍ കാമത്തുമായി ചേര്‍ന്ന് 2010ലാണ് നിഖില്‍ സെരോദയെന്ന സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തിന് തുടക്കമിടുന്നത്.
ഡിസ്‌ക്കൗണ്ട് ബ്രോക്കറേജ് എന്ന ആശയം നടപ്പാക്കിയതോടെ രാജ്യത്തെ ബ്രോക്കറേജ് വിപണിയില്‍ വിപ്ലവാത്മകമായ മാറ്റമാണുണ്ടായത്. അടുത്തിടെ ഫോബ്‌സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയില്‍ നിഖിലും നിതിനും ഇടം നേടിയിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറാണ് നിതിന്‍ കാമത്തിന്റെ ആസ്തി.
പേര് വ്യത്യസ്തം, ആശയവും
സീറോ എന്ന വാക്കിനെ സംസ്‌കൃതത്തിലെ രോധയുമായി ബന്ധിപ്പിച്ചാണ് സെരോധയെന്ന പേര് ഇരുവരും കമ്പനിക്ക് നല്‍കിയത്. ഓഹരി വിപണിയിലൂടെ നേട്ടം കൊയ്യാനാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഒരുവിധ തടസങ്ങളുമില്ലെന്നതാണ് ആത്യന്തികമായി സെരോധയെന്ന പേരിലൂടെ ഇരുവരും ഉദ്ദേശിച്ചത്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെരോദയ്ക്ക് ഇപ്പോള്‍ 10 ദശലക്ഷം ഉപഭോക്താക്കളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റോക്ക് ബ്രോക്കിംഗ് കമ്പനികളിലൊന്നാണ് ഇവരിപ്പോള്‍.
എന്താണ് ബിസിനസ്?
ഓഹരികള്‍, കറന്‍സികള്‍, കമോഡിറ്റികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ചെലവ് കുറഞ്ഞ ബ്രോക്കറേജ് സേവനങ്ങള്‍ നല്‍കുന്ന സംരംഭമാണ് സെരോദ. ചെലവ് കുറഞ്ഞ, ഉപയോക്തൃ സൗഹൃദ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കിയതാണ് സെരോധയെ ജനകീയവല്‍ക്കരിക്കാന്‍ സഹായിച്ചത്. 17ാം വയസ് മുതല്‍ ഓഹരികളില്‍ വ്യാപാരം നടത്തിത്തുടങ്ങിയിരുന്നു നിതിന്‍. നിഖിലുമൊത്ത് സെരോധ തുടങ്ങും മുമ്പ് 12 വര്‍ഷത്തെ ഓഹരി വിപണി പരിചയം നിതിനുണ്ടായിരുന്നു. ചെറിയ ലാഭം മാത്രമെടുത്ത് കൂടുതല്‍ വില്‍പ്പന നടത്തുകയെന്ന സാധാരണ തന്ത്രം മികച്ച രീതിയില്‍ നടപ്പാക്കുന്നു എന്നതാണ് സെരോധയെ വിജയതീരത്തെത്തിച്ചത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ 2,094 കോടി രൂപയുടെ ലാഭം നേടാന്‍ സോരധയ്ക്കായി
2022 സാമ്പത്തിക വര്‍ഷത്തില്‍ 4,964 കോടി രൂപയുടെ വരുമാനവും 2,094 കോടി രൂപയുടെ ലാഭവും നേടാന്‍ സോരധയ്ക്കായി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുറന്നിട്ടത് സെരോധയുടെ വളര്‍ച്ചയില്‍ വളരെ നിര്‍ണായക ഘടകായി മാറി. അതേസമയം നിഖില്‍ കാമത്തിന്റെ പോര്‍ട്ട്‌ഫോളിയോ അലൊക്കേഷനില്‍ 40 ശതമാനം മാത്രമാണ് ഓഹരിയിലുള്ളതെന്ന് അടുത്തിടെ വാര്‍ത്തവന്നത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
The Profit is a multi-media business news outlet.































