മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ മുന്‍സിഇഒ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവന ടെക് ലോകത്തും രാഷ്ട്രീയലോകത്തുമെല്ലാം ചര്‍ച്ചയാവുകയാണ്. ട്വിറ്ററിന്റെ സിഇഒ സ്ഥാനമഴിഞ്ഞ ശേഷം ഇന്ത്യാ വിരുദ്ധ പ്രസ്താവനയിലൂടെ ജാക്ക് ഡോഴ്‌സി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ശ്രദ്ധേയമായി. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്നും റെയ്ഡ് നേരിടേണ്ടി വരുമെന്നും സമ്മര്‍ദമുണ്ടായിരുന്നതായാണ് ജാക്ക് ഡോര്‍സി പറഞ്ഞത്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എക്കൗണ്ട് ബ്ലോക്ക് ചെയ്യാനും സമ്മര്‍ദമുണ്ടായതായാണ് ഡോര്‍സിയുടെ ആരോപണം. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിനിത് അത്ര പിടിച്ചില്ല. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അതിശക്തമായാണ് ട്വിറ്റര്‍ സഹസ്ഥാപകനെതിരെ പ്രതികരിച്ചത്.
ജാക്ക് ഡോര്‍സി എന്തിനാണ് നുണ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും നിയമം കൃത്യമായി അനുസരിക്കാതെയായിരുന്നു ട്വിറ്ററിന്റെ പ്രവര്‍ത്തനമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമക്കുകയുണ്ടായി. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ട്വിറ്റര്‍ മുന്‍സിഇഒയുടെ ആരോപണം വഴിവെച്ചു. ഇലോണ്‍ മസ്‌ക്ക് ഏറ്റെടുത്ത ശേഷം എങ്ങനെയായിരിക്കും ട്വിറ്ററും ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധമെന്നത് കണ്ടറിയണം.

