ഇലക്ട്രിക്ക് വാഹനരംഗത്തെ ബിസിനസ് സാധ്യതകള്‍ മുതലെടുക്കാന്‍ മുകേഷ് അമ്പാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇ വി കള്‍ക്കായി മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്നോളജി അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ബാറ്ററി ഷോ ഇവന്റിലാണ് ആര്‍ഐഎല്‍ മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്നോളജി അവതരിപ്പിച്ചത്.
സംശുദ്ധ ഊര്‍ജമേഖലയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള മുകേഷ് അംബാനിയുടെ പദ്ധതിയുടെ ഭാഗമാണ് പുതിയ ഉല്‍പ്പന്നം. ആര്‍ഐഎല്ലിന്റെ റിമൂവബിള്‍ ആന്റ് സ്വാപ്പബിള്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ വീട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാം, ഒരു ഇന്‍വെര്‍ട്ടര്‍ വേണമെന്ന് മാത്രം.
ഏകദേശം 5.9 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയുടെ ഇവി ബാറ്ററി വിപണിയെന്നാണ് വിലയിരുത്തല്‍. 2028 ആകുമ്പോഴേക്കും ഇത് 10.14 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നും പ്രതീക്ഷയ്ക്കപ്പെടുന്നു. ആ നിലയ്ക്ക് വലിയ സാധ്യതകളാണ് മേഖലയിലുള്ളത്.
വണ്ടികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഒരേ ബാറ്ററി തന്നെ ഉപയോഗിക്കാമെന്നതാണ് പുതിയ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത. ഈ ബാറ്ററികള്‍ റിലയന്‍സിന്റെ ബാറ്ററി സ്വാപ് സ്റ്റേഷനില്‍ മാറ്റാവുന്നതാണ്. അല്ലെങ്കില്‍ റൂഫ് ടോപ്പ് സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് റീ ചാര്‍ജ് ചെയ്യാവുന്നതാണ്.
2021ലും 2022ലുമായി 200 മില്യണ്‍ ഡോളറോളം ചെലവിട്ട് ഫെറാഡിയന്‍ ലിഥിയം വേക്സ് എന്നീ കമ്പനികളെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. അതിന് ശേഷമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്.

