കാലത്തിനപ്പുറം അവര്‍ ജീവിക്കും, ലാഞ്ചനയുടെ കാന്‍വാസിലൂടെ…വളര്‍ത്തുമൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്നവര്‍ക്ക് തന്റെ ആര്‍ട്ടിസ്റ്റിക് മികവിലൂടെ ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ സമ്മാനിക്കുകയാണ് ലാഞ്ചന വിവേക്. പെറ്റ് പോര്‍ട്രെയ്റ്റ് രംഗത്ത് ദേശീയതലത്തില്‍ ശ്രദ്ധ നേടുകയാണ് എവിഎ ഗ്രൂപ്പ് ഡയറക്റ്റര്‍ കൂടിയായ ലാഞ്ചന
ഒരു നായയെ പോലും നേരത്തെ വളര്‍ത്തിയിട്ടില്ല ലാഞ്ചന വിവേക്..എന്നാല്‍ നായപ്രേമികള്‍ക്കും പൂച്ചപ്രേമികള്ക്കുമെല്ലാം ലാഞ്ചന സമ്മാനിക്കുന്നത് അവരുടെ അരുമകളുടെ ഒരിക്കലും മറക്കാത്ത ഓര്‍മകളാണ്. ലാഞ്ചനയുടെ വരകളിലൂടെ തങ്ങളുടെ പെറ്റ്സിന്റെ തനതായ പ്രതിഫലനങ്ങള്‍ കാണുമ്പോള്‍ പെറ്റ് പാരന്റ്സിനുണ്ടാകുന്ന സന്തോഷമാണ് ലാഞ്ചനയുടെ ഏറ്റവും വലിയ സംതൃപ്തി. പെറ്റ് പോര്‍ട്രെയ്റ്റ് മേഖലയില്‍ ഇന്ന് രാജ്യത്തെ ശ്രദ്ധേയ ആര്‍ട്ടിസ്റ്റായി മാറിക്കഴിഞ്ഞു എവിഎ ഗ്രൂപ്പ് ഡയറക്റ്റര്‍ കൂടിയായ ലാഞ്ചന. ലോകം വീടുകള്ക്കുള്ളിലൊതുങ്ങിയ കോവിഡ്കാലത്താണ് വളര്‍ത്തുമൃഗങ്ങളെ കാന്‍വാസിലാക്കുന്ന ലാഞ്ചനയുടെ കരവിരുതിന് വഴിയൊരുങ്ങുന്നത്.

ലാബ്രഡോറും ജര്‍മന്‍ ഷെപ്പേര്‍ഡും ഗോള്‍ഡന്‍ റിട്രീവറും മുതല്‍ സൈബീരിയന്‍ ഹസ്ക്കിയും പോമെറേനിയനും ബീഗിളും പേര്‍ഷ്യന്‍ കാറ്റും പക്ഷികളും വരെയുണ്ട് ലാഞ്ചനയുടെ ചിത്രങ്ങളില്‍. പ്രശസ്ത സിനിമാ നിര്‍മാതാവും മെഡിമിക്സ് ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന എവിഎ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്ററുമായ ഡോ. എ വി അനൂപിന്റെ മകളാണ് ലാഞ്ചന.
ചെറുപ്പം തൊട്ടേ വരയ്ക്കാന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രൊഫഷനായിട്ട് കരുതിയിരുന്നില്ല. പഠിച്ചിട്ടുമില്ല. പാന്‍ഡമിക്ക് സമയത്ത് വീട്ടിലിരുന്നപ്പോഴായിരുന്നു വീണ്ടും വരയ്ക്കണമെന്ന് തോന്നിയത്. എന്റെ കസിന്റെ ഡോഗിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കണ്ട് വരയ്ക്കണമെന്ന് തോന്നി. അതായിരുന്നു ആദ്യ ചിത്രം. ഇന്‍സ്റ്റയില്‍ അത് പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാവരും മികച്ച അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് കമ്മിഷന് ബെയ്സിസില്‍ ഓര്‍ഡര്‍ എടുത്ത് പെറ്റ് പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കാന്‍ തുടങ്ങിയത്-ലാഞ്ചന ദ പ്രോഫിറ്റിനോട് പറയുന്നു.

അരുമകളുടെ വേര്പാടിന് ശേഷം അവരുടെ ഛായാചിത്രങ്ങള്‍ വരയ്ക്കാന്‍ ലാഞ്ചനയുടെ അടുത്തെത്തുന്നവരും കൂടുതലാണ്. ഉപാധികളില്ലാത്ത സ്നേഹം നല്‍കുന്നവരാണ് പെറ്റ്സ്. അതുകൊണ്ടുതന്നെ അവരുടെ വിയോഗം പല പെറ്റ് പാരന്റ്സിന്റെയും മനസിലുണ്ടാക്കുന്നത് വലിയ വിടവാണ്. അത്തരത്തിലുള്ള ആഘാതം കുറയ്ക്കുന്നതിന് ലാഞ്ചനയുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ പലര്‍ക്കും സഹായകമായിട്ടുണ്ട്
നിയമം, മാനേജ്മെന്റ് വിഷയങ്ങളില്‍ ഉന്നത പഠനം നടത്തിയ ലാഞ്ചന വരയ്ക്കാനിറങ്ങിയത് ബന്ധുക്കള്‍ ഉള്‍പ്പടെ പലര്‍ക്കും അത്ര രസിച്ചില്ലെങ്കിലും അരുമകളുടെ ചിത്രങ്ങള്‍ പെറ്റ് പാരന്റ്സ് ഹൃദയത്തിലേറ്റിയതോടെ സ്ഥിതി മാറി.വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരും പരിപാലിക്കുന്നവരുമെല്ലാം തങ്ങളുടെ അരുമകളെ കാന്‍വാസിലേക്ക് പകര്‍ത്താനാണ് ലാഞ്ചനയുടെ അടുത്തെത്തുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് കൂടുതലും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതെന്ന് ലാഞ്ചന പറയുന്നു. ഗുണനിലവാരമുള്ള ഫോട്ടോകള്‍ അയച്ചുനല്‍കിയാല്‍ മാത്രം മതി. ഏത് അഡ്രസിലേക്കാണെങ്കിലും വരച്ചുകഴിഞ്ഞ ശേഷം പോര്ട്രെയ്റ്റുകളെത്തും.
ഓരോ ഭാവവും ഒപ്പിയെടുക്കുന്നു
പെറ്റ്സിനെ വളര്‍ത്താത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നായകളെല്ലാം ഒരുപോലെയാണ്. പലര്‍ക്കും ഒരേ ബ്രീഡിലുള്ള രണ്ട് നായകളെ കണ്ടാല്‍ പോലും വ്യത്യാസം അറിയണമെന്നില്ല. എന്നാല്‍ തനിക്ക് ലഭിക്കുന്ന പെറ്റ്സിന്റെ ഓരോ ഭാവവും തനതായ രീതിയില്‍ ഒപ്പിയെടുക്കാന്‍ ലാഞ്ചനയ്ക്ക് സാധിക്കുന്നു. അതുകൊണ്ടാണ് പെറ്റ് പാരന്റ്സ് ലാഞ്ചനയുടെ വരകളില്‍ പൂര്ണതൃപ്തരാകുന്നത്. തങ്ങളുടെ സ്വന്തം പെറ്റിനെയാണ് ലാഞ്ചന വരച്ചിരിക്കുന്നതെന്ന് അവര്‍ ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയുന്നു, ആ സന്തോഷത്തിലാണ് അവരത് സൂക്ഷിച്ചുവെക്കുന്നത്.

ജീവന് തുടിക്കുന്ന ഓര്‍മകള്‍
അരുമകളുടെ വേര്പാടിന് ശേഷം അവരുടെ ഛായാചിത്രങ്ങള്‍ വരയ്ക്കാന്‍ ലാഞ്ചനയുടെ അടുത്തെത്തുന്നവരും കൂടുതലാണ്. ഉപാധികളില്ലാത്ത സ്നേഹം നല്‍കുന്നവരാണ് പെറ്റ്സ്. അതുകൊണ്ടുതന്നെ അവരുടെ വിയോഗം പല പെറ്റ് പാരന്റ്സിന്റെയും മനസിലുണ്ടാക്കുന്നത് വലിയ വിടവാണ്. അത്തരത്തിലുള്ള ആഘാതം കുറയ്ക്കുന്നതിന് ലാഞ്ചനയുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ പലര്‍ക്കും സഹായകമായിട്ടുണ്ട്.

അവരുടെ സന്തോഷം കാണുമ്പോഴുണ്ടാകുന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണെന്ന് ലാഞ്ചന പറയുന്നു. അരുമകളോടൊപ്പം ചെലവഴിച്ച നല്ല കാലങ്ങളും അവരുടെ മനോഹര ഓര്‍മകളുമെല്ലാമാണ് പോര്‍ട്രെയ്റ്റുകള്‍ പെറ്റ് പാരന്റ്സിന് നല്‍കുന്നത്. 40 മണിക്കൂര്‍ വരെ നീളുന്ന കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഓരോ ചിത്രവും പിറക്കുന്നത്.
പെറ്റ്സും മനുഷ്യരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം തന്റെ വരകളിലൂടെ തിരിച്ചറിഞ്ഞ ലാഞ്ചന ഇന്ന് സ്വന്തമായി ഒരു ലാബ്രഡോര്‍ നായയെ വളര്‍ത്തുന്നുമുണ്ട്. പേര് ഡീസല്‍ എന്നാണ്. പെറ്റ്സിനെ സ്നേഹിക്കുന്നവര്‍ ലാഞ്ചനയുടെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടിലൂടെ ബന്ധപ്പെട്ടാല്‍ തങ്ങളുടെ പൊന്നോമനകളുടെ ചിത്രം കാന്‍വാസില്‍ പകര്‍ത്തി വീട്ടിലെത്തും.
