ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി യുഎസ് ആസ്ഥാനമായ ആഗോള ചിപ്പ് കമ്പനിയായ എന്‍വിഡിയയുടെ സിഇഒ ജെന്‍സന്‍ ഹുവാങ്. മുന്നോട്ട് പോകുമ്പോള്‍ എഐ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമാകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഇന്ത്യയുടെ സുവര്‍ണകാലമാണെന്ന് താന്‍ വിശ്വസിക്കുന്നതായി ഹുവാങ് പറഞ്ഞു. ഇന്ത്യയിലെ ഊര്‍ജം എല്ലായ്പ്പോഴും മികച്ചതാണ്. ചരിത്രത്തിലെ ഏത് സമയത്തും നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ നിക്ഷേപം നടത്താല്‍ ലോകത്തിന് ആഗ്രഹമുണ്ട്.
ഇന്ത്യയുടെ പ്രകൃതിവിഭവം കമ്പ്യൂട്ടര്‍ സയന്‍സാണെന്ന് ഹുവാങ്ങ് വിശ്വസിക്കുന്നു. ‘ഐടി നിങ്ങളുടെ പ്രകൃതി വിഭവങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ അത് അവിശ്വസനീയമായ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നു, നിങ്ങള്‍ അതില്‍ അവിശ്വസനീയമാംവിധം മികച്ചവരാണ്, നിങ്ങള്‍ അത് ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു. നിങ്ങള്‍ ആ ഐടി പ്രകൃതിവിഭവത്തെ ഒരു എഐ പ്രകൃതിവിഭവമാക്കി മാറ്റേണ്ടതുണ്ട്,’ അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ ഡാറ്റയും കമ്പ്യൂട്ടര്‍ സയന്‍സും ഉണ്ടെന്നും ഇനി വേണ്ടത് കുറച്ച് ഫാക്ടറികള്‍ നിര്‍മിക്കുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഇവിടെ അതിശയകരമായ ചില ഫാക്ടറികള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പോകുന്നു. അപ്പോള്‍ എഐ ഇന്ത്യയില്‍ നിര്‍മ്മിക്കാനും ഇന്ത്യയില്‍ ഉപയോഗിക്കാനും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാനും കഴിയും,” അദ്ദേഹം പറഞ്ഞു.
എഐ വികസനത്തിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ റിലയന്‍സുമായും ടാറ്റയുമായും എന്‍വിഡിയ കഴിഞ്ഞ ദിവസം കരാറിലേര്‍പ്പെട്ടിരുന്നു.

