Connect with us

Hi, what are you looking for?

News

പന്നിയുടെ വൃക്കയുമായി 61 ദിവസത്തെ ജീവിതം; മനുഷ്യരാശിക്ക് പുതിയ പ്രതീക്ഷ നല്‍കി ഒരു ട്രാന്‍സ്പ്ലാന്റേഷന്‍

പന്നിയുടെ വൃക്കയുമായി ഒരു മനുഷ്യന്‍ 61 ദിവസം ജീവിച്ചിരിക്കുന്നു!

പുരാണങ്ങളിലും മറ്റും മൃഗങ്ങളുടെ ശരീര ഭാഗത്തെ മനുഷ്യരുമായി കൂട്ടിച്ചേര്‍ത്ത സംഭവങ്ങളെ ശാസ്ത്ര വിരുദ്ധമെന്നും മറ്റും വിളിക്കുന്ന കാലമാണിത്. എല്ലാം മനുഷ്യന്റെ ഭാവനയാണെന്ന് പറയുന്നു ഒരു കൂട്ടര്‍. വിശ്വാസവും ശാസ്ത്രവും വേറെയെന്ന് വേറെയൊരുകൂട്ടര്‍. ഏതായാലും ഈ വിവാദങ്ങള്‍ക്കിടെ ഭാവനയുടെ സര്‍വതലങ്ങള്‍ക്കുമപ്പുറം വൈദ്യ ശാസ്ത്ര ലോകത്തുനിന്ന് ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. പന്നിയുടെ വൃക്കയുമായി ഒരു മനുഷ്യന്‍ 61 ദിവസം ജീവിച്ചിരിക്കുന്നു!


ഇതിനു മുന്‍പും മൃഗങ്ങളുടെ അവയവങ്ങള്‍ ഹ്രസ്വ കാലത്തേക്ക് മനുഷ്യരില്‍ വിജയകരമായിട്ടുണ്ടെങ്കിലും ഇത്ര ദീര്‍ഘമായി ഒരു മൃഗ അവയവം മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത് ആദ്യമായാണ്. യുഎസിലെ ന്യൂയോര്‍ക്കിലാണ് അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവമായേക്കാവുന്ന ഈ നേട്ടം വൈദ്യ ശാസ്ത്ര രംഗത്തെ വിദഗ്ധര്‍ കൈവരിച്ചിരിക്കുന്നത്.


ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച 58 കാരനായ മോറിസ് മില്ലര്‍ എന്ന വ്യക്തിയെ ഇത്തരമൊരു പരീക്ഷണത്തിന് വിട്ടുനല്‍കാന്‍ ഭാര്യയും ബന്ധുക്കളും തീരുമാനിച്ചിടത്താണ് ചരിത്രപരമായ ഈ പരീക്ഷണത്തിന്റെ തുടക്കം. ന്യൂയോര്‍ക്കിലെ എന്‍വൈയു ലാങ്കോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറും സര്‍ജറി വിഭാഗം ചെയര്‍മാനുമായ ഡോ. റോബര്‍ട്ട് മോണ്ട്ഗോമറിയുടെ നേതൃത്വത്തില്‍ ജൂലൈ 14നാണ് മില്ലറുടെ ശരീരത്തില്‍ ജനിതക മാറ്റം വരുത്തിയ പന്നിയില്‍ നിന്നെടുത്ത വൃക്ക തുന്നിച്ചേര്‍ത്തത്.


ഡോ. മോണ്ട്ഗോമറിയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന അഞ്ചാം സീനോട്രാന്‍സ്പ്ലാന്റേഷനായിരുന്നു ഇത്. മനുഷ്യന്റേതല്ലാത്ത കോശങ്ങളോ കോശജാലങ്ങളോ അവയവങ്ങളോ മനുഷ്യരില്‍ വെച്ചു പിടിപ്പിക്കുന്നതിനെയാണ് സീനോട്രാന്‍സ്പ്ലാന്റേഷന്‍ എന്ന് വിളിക്കുന്നത്. 2021 സെപ്റ്റംബര്‍ 25 ന് ലോകത്ത് ആദ്യമായി മനുഷ്യരില്‍ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ച ശസ്ത്രക്രിയ നടത്തിയത് ഡോ. മോണ്ട്ഗോമറിയാണ്. 2021 നവംബര്‍ 22 ന് അദ്ദേഹം ഇത്തരം ഒരു ട്രാന്‍സ്പ്ലാന്റ് കൂടി നടത്തി. 2022 ല്‍ തന്നെ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയവും രണ്ടു പേരില്‍ വെച്ചുപിടിപ്പിച്ചു. എന്നാല്‍ ഈ പരീക്ഷണങ്ങളൊന്നും ഇപ്പോഴത്തേതു പോലെ വിജയകരമായിരുന്നില്ല.


സാധാരണയായി സീനോട്രാന്‍സ്പ്ലാന്റേഷനായി ജീവനുള്ള മനുഷ്യശരീരം ലഭിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. ഇവിടെ മസ്തിഷ്‌ക മരണം സംഭവിച്ച മില്ലറുടെ അവയവങ്ങളൊന്നും ദാനം ചെയ്യാന്‍ പറ്റുന്നവയായിരുന്നില്ല. അതിനാലാണ് അദ്ദേഹത്തിന്റെ ശരീരം പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തീരുമാനമായത്. രണ്ടു വൃക്കകളും നീക്കം ചെയ്ത് ഒരു വൃക്കയുടെ സ്ഥാനത്ത് പന്നിയുടെ വൃക്ക വെച്ചുപിടിപ്പിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്തത്.

വെച്ചു പിടിപ്പിച്ചതിന് പിന്നാലെ വൃക്ക സാധാരണപോലെ പ്രവര്‍ത്തിക്കുകയും യൂറിന്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. പ്രതിവാര ബയോപ്സികളിലൂടെ വൃക്കയുടെ ആരോഗ്യം ഡോക്ടര്‍മാര്‍ പരിശോധിച്ചു. രോഗിയുടെ ശരീര നിലകളും ഇതോടൊപ്പം കൃത്യമായി അളന്നുകൊണ്ടിരുന്നു.


ഹൈപ്പര്‍അക്യൂട്ട് റിജക്ഷന്‍ അഥവാ വെച്ചുപിടിപ്പിച്ച ഉടനെ ബാഹ്യവസ്തുവായ അവയവത്തെ മനുഷ്യശരീരം നിരസിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിച്ചത് നേട്ടമായി. ഇതുവരെ നടത്തിയ അഞ്ച് ട്രാന്‍സ്പ്ലാന്റേഷനുകളിലും മൃഗ അവയവത്തെ മനുഷ്യശരീരം നിരസിക്കുന്നത് തടയാന്‍ ലാങ്കോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിരുന്നു.


പഠനസമയത്ത് ചില ചെറിയ പ്രശ്നങ്ങള്‍ ശാസ്ത്രജ്ഞര്‍ നോട്ട് ചെയ്യുകയുണ്ടായി. ശേഖരിച്ച ടിഷ്യു ചില ‘നോവല്‍ സെല്ലുലാര്‍ മാറ്റങ്ങള്‍’ കാണിച്ചു. പന്നിയുടെ വൃക്കയെ മനുഷ്യശരീരം നിരസിക്കാതിരിക്കാന്‍ കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ശുഭോദര്‍ക്കമായ കാര്യം മൊത്തത്തില്‍, വൃക്ക മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്നതാണ്.


കഴിഞ്ഞ രണ്ട് മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിലും വിശകലനത്തിലും തങ്ങള്‍ക്ക് വളരെയധികം കാര്യങ്ങള്‍ പഠിക്കാനായെന്നും ഭാവിയില്‍ പ്രതീക്ഷയുള്ളവരായിരിക്കാന്‍ വലിയ കാരണമുണ്ടെന്നും ലാങ്കോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സര്‍ജറി വിഭാഗം ചെയര്‍മാനുമായ ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു.

പന്നിയുടെ വൃക്കകള്‍ മനുഷ്യരില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വിവിധയിടങ്ങളില്‍ നടക്കുന്നുണ്ട്. ഓഗസ്റ്റില്‍, മറ്റൊരു ഗവേഷക സംഘവും പന്നിയുടെ വൃക്കകള്‍ മനുഷ്യരിലേക്ക് മാറ്റിവയ്ക്കുന്നതിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള അവലോകനം പ്രസിദ്ധീകരിച്ചിരുന്നു. യുഎസിലെ അലബാമ സര്‍വകലാശാലയിലെ ബര്‍മിംഗ്ഹാം ഹെര്‍സിങ്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കകള്‍ ഉപയോഗിച്ച് സമാനമായ പരീക്ഷണം നടത്തിയത്.

പന്നിയുടെ വൃക്കകള്‍ മനുഷ്യ ശരീരത്തിലേക്ക് മാറ്റിവെക്കുന്നത് പൂര്‍ണമായി വിജയിക്കുമോ എന്നറിയാന്‍ കൂടുതല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും ആവശ്യമാണ്. എന്നിരുന്നാലും മനുഷ്യരാശിക്ക് പ്രത്യാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളാണ് ജീവന്‍ നിലനിര്‍ത്താന്‍ അവയവദാനത്തിനായി കാത്തിരിക്കുന്നത്.

ഇന്ത്യയുടെ കാര്യം മാത്രമെടുത്താല്‍ 3 ലക്ഷം ആളുകളാണ് അവയവം മാറ്റിവെക്കലിനായി ക്യൂവിലുള്ളത്. അവയവങ്ങള്‍ക്കായുള്ള കാത്തിരിപ്പ് എന്നെന്നേക്കുമായി അവസാനിപ്പിച്ച് ഓരോ ദിവസവും മരിക്കുന്നത് ശരാശരി 20 ആളുകള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2022 ല്‍ 16,041 ആളുകള്‍ക്കാണ് അവയവമാറ്റ ശസ്ത്രക്രിയക്കാവശ്യമായ അവയവങ്ങള്‍ ലഭിച്ചത്. 2021 ല്‍ 12,259 പേര്‍ക്കും. അവയവം ആവശ്യമുള്ളവരുടെ വര്‍ധനവിനെക്കാള്‍ ഏറെ കുറവാണ് ദാതാക്കളുടെ എണ്ണം.


2022 ല്‍ മസ്തിഷ്‌ക മരണമോ അപകട മരണമോ സംഭവിച്ചവരില്‍ നിന്ന് 1059 വൃക്കകളാണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ലഭ്യമായത്. അതേസമയം സ്വയമേവ വൃക്കകള്‍ ദാനം ചെയ്തത് 9834 പേരാണ്. അതേസമയം ഓരോ 10 മിനിറ്റിലും രാജ്യത്ത് ഒരാള്‍ വീതം അവയവം ആവശ്യമായവരുടെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. പ്രതിവര്‍ഷം 2 ലക്ഷം കിഡ്നികള്‍ ലഭ്യമായാലേ ഇന്ത്യയില്‍ വൃക്കകള്‍ പരാജയപ്പെട്ട എല്ലാവര്‍ക്കും അത് ലഭ്യമാക്കാനാവൂ. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ശരാശരി 10000 വൃക്ക മാറ്റിവെക്കലുകള്‍ മാത്രം.

വൃക്കകളുടെ ലഭ്യത മുതല്‍ നിയമ പ്രശ്നങ്ങള്‍ വരെ ഏറെ സങ്കീര്‍ണമാണ് ഇവിടെ കാര്യങ്ങള്‍. മസ്തിഷ്‌ക മരണങ്ങള്‍ മനപൂര്‍വം സൃഷ്ടിച്ച് അവയവ മാഫിയ അവയവങ്ങള്‍ കച്ചവടം ചെയ്യുന്നെന്ന ആരോപണം പോലും ഇടയ്ക്കിടെ ഉയരാറുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതില്‍ നിന്നും ബന്ധുക്കളെ പിന്തിരിപ്പിക്കുന്ന സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇവിടെയാണ് ജനിതകമാറ്റം വരുത്തിയ പന്നിവൃക്കകള്‍ മനുഷ്യരില്‍ ഉപയോഗിക്കുന്ന ചികില്‍സയുടെ പ്രാധാന്യം.

നിയമക്കുരുക്കുകളൊന്നുമില്ലാതെ എല്ലാവര്‍ക്കും ഇത്തരം വൃക്കകള്‍ ലഭിക്കുന്നതിലേക്കും ഇത്തരം ശസ്ത്രക്രിയകള്‍ സാധാരണമാവുന്ന കാലത്തേക്കുമാണ് വൈദ്യശാസ്ത്രം കണ്ണുനട്ടിരിക്കുന്നത്.
ഇനി മോറിസ് മില്ലറുടെ കഥയിലേക്ക് കൂടി. വൃക്ക മാറ്റിവെച്ച് 61-ാം ദിവസം മോറിസിന്റെ സഹോദരി മോരി മില്ലര്‍ ഡഫി അപ്പോഴും ജീവന്റെ തുടിപ്പുകള്‍ ബാക്കിയുള്ള സഹോദരന്റെ കിടക്കയ്ക്കരികിലെത്തി. നിന്നില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു എന്ന് സഹോദരനെ നോക്കി പറഞ്ഞു.

ലക്ഷണക്കണക്കിന് ആളുകള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്തേക്കാവുന്ന ഒരു കണ്ടുപിടുത്തത്തിലെ പരീക്ഷണ ശരീരമായി മാറിയശേഷമാണ് തന്റെ മടക്കമെന്ന് അറിയാതെ മോറിസ് അപ്പോഴും മരണത്തിന് സമാനമായ ഉറക്കത്തിലായിരുന്നു. അധികം വൈകാതെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഡോക്ടര്‍മാര്‍ എടുത്തുമാറ്റി. ശുഭകരമായ അനേകം പ്രതീക്ഷകള്‍ ബാക്കിവെച്ച് മോറിസ് നിത്യനിദ്രയിലാണ്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്