സ്ഥിരനിക്ഷേപത്തിനായി നിക്ഷേപകര്‍ ഏറ്റവും പരിഗണിക്കുന്ന 10 ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. റിസര്‍വ് ബാങ്കിന്റെ 2022 സാമ്പത്തിക വര്‍ഷത്തെ കണക്കുകളനുസരിച്ച് മൊത്തത്തിലുള്ള ബാങ്ക് നിക്ഷേപത്തിന്റെ 76 ശതമാനം വിഹിതം, 7 പൊതുമേഖലാ ബാങ്കുകള്‍ക്കും 3 സ്വകാര്യ ബാങ്കുകള്‍ക്കുമാണ്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സ്ഥിര നിക്ഷേപം നടത്താനാണ് ഉപഭോക്താക്കള്‍ കൂടുതലും താത്പര്യപ്പെടുന്നത്.
നിക്ഷേപകര്‍ സ്ഥിര നിക്ഷേപത്തിന് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യയെയാണ്. ആകെയുള്ള ബാങ്ക് നിക്ഷേപത്തിന്റെ 23 ശതമാനം വിഹിതമാണ് എസ്ബിഐക്കുള്ളത്. പൊതുമേഖലാ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ 36 ശതമാനം എസ്ബിഐയിലാണ്.
സ്വകാര്യ ബാങ്കുകളിലെ എഫ്ഡി നിക്ഷേപത്തില്‍ എച്ച്ഡിഎഫ്‌സിയാണ് മുന്നില്‍. മൊത്തം എഫ്ഡി നിക്ഷേപത്തിന്റെ 8 ശതമാനം വിഹിതം എച്ച്ഡിഎഫ്‌സിക്കാണ്. സ്വകാര്യ ബാങ്കുകളുടെ എഫ്ഡി നിക്ഷേപത്തിലാകട്ടെ, എച്ച്ഡിഎഫ്‌സിയുടെ വിഹിതം 28 ശതമാനം വരും.
എസ്ബിഐ കഴിഞ്ഞാല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും താത്പര്യമുള്ളത് കനറാ ബാങ്കിലും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും നിക്ഷേപം നടത്താനാണ്. മൊത്തം നിക്ഷേപത്തിന്റെ 7 ശതമാനമാണ് 2 ബാങ്കുകള്‍ക്കുമായു ള്ളത്. പൊതുമേഖലാ ബാങ്കുകളിലെ ടേം ഡിപ്പോസിറ്റില്‍ കനറാ ബാങ്കിന്റെ വിഹിതം 12 ശതമാനവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേത് 11 ശതമാനവുമാണ്.
പൊതുമേഖല ബാങ്കുകളില്‍ അടുത്ത സ്ഥാനങ്ങളിലുള്ളത് 6 ശതമാനം വിപണി വിഹിതത്തോടെ ബാങ്ക ഓഫ് ബറോഡയും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ്. പൊതുമേഖലാ ബാങ്കുകളിലെ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ 10 ശതമാനം വിപണിവിഹിതമാണ് ഈ ബാങ്കുകള്‍ക്കുള്ളത്.
സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്സി ബാങ്കിന് ശേഷം നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാന്‍ ഏറ്റവും താത്പര്യമുള്ളത് ഐസിഐസിഐ ബാങ്ക് എഫ്ഡികളിലാണ്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 6 ശതമാനത്തോളം വരുമിത്. സ്വകാര്യ ബാങ്കുകളിലെ മൊത്തം ബാങ്ക് നിക്ഷേപത്തില്‍ 19 ശതമാനം വിഹിതം ഐസിഐസിഐക്കുണ്ട്.
നിക്ഷേപകര്‍ക്ക് ഏറ്റവും താത്പര്യമുള്ള മൂന്നാമത്തെ സ്വകാര്യ ബാങ്ക് ആക്സിസ് ബാങ്കാണ്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 5 ശതമാനവും സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന്റെ 15 ശതമാനവും വിഹിതമാണ് ആക്‌സിസിനുള്ളത്.
ഇത് കഴിഞ്ഞാല്‍ നിക്ഷേപകര്‍ കൂടുതല്‍ പരിഗണിക്കുന്ന ബാങ്കുകള്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ബാങ്കുമാണ്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 4 ശതമാനം വിഹിതമാണ് ഇവര്‍ക്കുള്ളത്. പൊതുമേഖലാ ബാങ്കുകളിലെ മൊത്തം എഫ്ഡി നിക്ഷേപത്തില്‍ ആറ് ശതമാനമാണ് ഇവരുടെ പങ്ക്.

